സ്വന്തം ലേഖകന്‍: ട്രംപ് വീണ്ടും അമേരിക്കന്‍ മാധ്യമങ്ങളുമായി കൊമ്പു കോര്‍ക്കുന്നു, മാധ്യമ സംഘടനയുടെ വിരുന്നില്‍ പങ്കെടുത്തില്ല. ഭരണത്തിന്റെ നൂറാം ദിനത്തില്‍ മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിച്ചുകൊണ്ടിരിക്കുകയാണെന്നും താനുമായി ബന്ധമില്ലാത്ത വ്യാജ വാര്‍ത്തകള്‍ തള്ളിക്കളയുകയാണെന്നും തുറന്നടിച്ചു.
പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റ്ഹൗസില്‍ മാധ്യമ സംഘടനകള്‍ (വൈറ്റ്ഹൗസ് കറസ്‌പോണ്ടന്‍സ് അസോസിയേഷന്‍) യുഎസ് പ്രസിഡന്റിനായി ഒരുക്കിയ അത്താഴ വിരുന്നില്‍ നിന്ന് ട്രംപ് വിട്ടുനില്‍ക്കുകയും ചെയ്തു. അമേരിക്കയുടെ ചരിത്രത്തില്‍ 36 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു പ്രസിഡന്റ് മാധ്യമ വിരുന്നില്‍ പങ്കെടുക്കാതിരിക്കുന്നത്. ഇതോടെ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം വീണ്ടും ചൂടുപിടിക്കുമെന്ന് ഉറപ്പായി.
ആദ്യ നൂറുദിനങ്ങളിലെ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാന്‍ മാധ്യമങ്ങള്‍ വലിയ ശ്രമമാണ് നടത്തുന്നത്. വാഷിംഗ്ടണില്‍ നിന്ന് നൂറിലേറെ മൈല്‍ അകലെയാണെന്നത് തന്നെ കോരിത്തരിപ്പിക്കുന്നു. ‘കറസ്‌പോണ്ടേഴ്‌സ് ഡിന്നര്‍ വളരെ മുഷിപ്പിക്കുന്നതായിരിക്കും’ എന്ന് പറഞ്ഞ് ഒരു സംഘം ഹോളിവുഡ് താരങ്ങളും വാഷിംഗ്ടണ്‍ മാധ്യമങ്ങളും ഇപ്പോള്‍ പരസ്പരം ആശ്വസിപ്പിക്കുകയാണെന്നും വിരുന്നിനു പോകാതെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ ട്രംപ് പരിഹസിച്ചു.
പ്രസിഡന്റു പദവിയില്‍ 100 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ അമേരിക്കക്കാരുടെ ജോലികള്‍ തിരികെ നല്‍കനായതും കമ്പനികളുടെ സാമ്പത്തിക വിശ്വസ്തത വര്‍ധിപ്പിച്ച് കഴിഞ്ഞ 9 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നിലയില്‍ എത്തിക്കാന്‍ കഴിഞ്ഞതും പ്രധാന നേട്ടമായി ട്രംപ് എടുത്തു പറഞ്ഞു. എന്നാല്‍ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ട്രംപിന്റെ ജനപ്രിയതാ റേറ്റിംഗ് 40% ആയി താഴ്ന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മറ്റു പ്രസിഡന്റുമാരുടെ നൂറുദിനങ്ങളെ അപേക്ഷിച്ച് ഏറെ താഴെയാണിത്. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപിന്റെ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച അമേരിക്കന്‍ മാധ്യമങ്ങള്‍ തങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളല്ലെന്നും അര്‍പ്പിതമായ കടമ നിറവേറ്റുകയാണെന്നും തിരിച്ചടിച്ചു. നൂറാംദിനത്തില്‍ ഇത്രയും കുറഞ്ഞ റേറ്റിങ് മറ്റൊരു പ്രസിഡന്റിനും ഉണ്ടായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല