സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹഫീസ് സെയ്ദ് തീവ്രവാദി, ഒടുവില്‍ പാകിസ്താന്റെ കുറ്റസമ്മതം. ഹഫീസും അനുയായികളും ജിഹാദിന്റെ പേരില്‍ തീവ്രവാദം പ്രചരിപ്പിക്കുകയാണെന്ന് പാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹഫീസിനെയും നാല് കൂട്ടാളികളെയും മൂന്നംഗ ജുഡീഷ്യല്‍ സമിതിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു,
ഹഫീസ് സെയ്ദിന്റെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടുന്നതിന് മുന്‍പ് ഇയാളെ ജുഡീഷ്യല്‍ സമിതിക്ക് മുമ്പാകെ ഹാജരാക്കാതിരുന്നതിനെ ലാഹോര്‍ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ഇയാളെ ജുഡീഷ്യല്‍ സമിതിക്ക് മുമ്പാകെ ഹാജരാക്കാന്‍ പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായത്. ഇന്ത്യയുടെ നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ച് പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന ഹഫീസ് സെയ്ദിനെ കഴിഞ്ഞ ജനുവരിയിലാണ് പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയത്.
ഇയാള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ ഭീഷണിയും പാക് നടപടിക്ക് പ്രേരണയായി. അതേസമയം കശ്മീരികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടിയാണ് പാക് സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്നാണ് ഹഫീസ് ആരോപിച്ചു. തങ്ങള്‍ക്കെതിരെ യാതൊരു തെളിവുമില്ലെന്നും അമേരിക്കയെയും ഇന്ത്യയെയും പ്രീതിപ്പെടുത്താനാണ് പാക് സര്‍ക്കാരിന്റെ ശ്രമമെന്നും ഹഫീസും കൂട്ടാളികളും വാദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല