സ്വന്തം ലേഖകന്‍: കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കാല് ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്.ഐ ക്വാട്ടയിലേക്ക്, പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം. അലോട്ട്മെന്റിന് ശേഷം ഒഴിവു വന്ന സീറ്റുകളാണ് എന്‍.ആര്. ഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. രാജേന്ദ്രബാബു കമ്മീഷനാണ് ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്.ഐ ക്വാട്ടയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്.
ഇതിലൂടെ പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം ലഭിക്കും. മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് പുതിയ നടപടി. 36,212 സര്‍ക്കാര്‍ സീറ്റാണ് സി.ഇ.ഇ. അലോട്ട്മെന്റില്‍ സര്‍ക്കാര്‍/എയ്ഡഡ്, സര്‍ക്കാര്‍/സര്‍വകലാശാലാ നിയന്ത്രിത വിഭാഗം, സ്വകാര്യ സ്വാശ്രയ കോളേജ് വിഭാഗങ്ങളിലായി ഉണ്ടായിരുന്നത്. സ്വാശ്രയ കോളജുകളിലേക്കുള്ള മൂന്ന് അലോട്ട്മെന്റുകളും പൂര്‍ത്തിയായപ്പോള്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
നിലവില്‍ എന്‍.ആര്.ഐ സീറ്റില്‍ പ്രവേശനത്തിന് പ്രവേശന പരീക്ഷ പാസാകേണ്ടതില്ല. ഈ ആനുകൂല്യം മാനേജ്മെന്റുകള്‍ ഉപയോഗിക്കുകയായിരുന്നു. കരാര്‍ പ്രകാരം സര്‍ക്കാര്‍ നടത്തുന്ന മൂന്ന് അലോട്ട്മെന്റുകള്‍ക്ക് ശേഷം ഒഴിവുവരുന്ന സീറ്റുകളില്‍ മാനേജ്മെന്റിനാണ് പ്രവേശനാധികാരം. എന്നാല്‍, ഈ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ പാസായവര്‍ക്ക് മാത്രമേ അഡ്മിഷന് നല്‍കാനാകൂ. ഇതേ തുടര്‍ന്നാണ് പ്രവേശനാനുമതി തേടി കോളജുകള്‍ രാജേന്ദ്രബാബു കമ്മിറ്റിക്ക് അപേക്ഷ നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല