സ്വന്തം ലേഖകന്‍: ബോയിംഗ് വിമാനത്തിന്റെ ഭാരമുണ്ടായിരുന്ന ദിനോസോറുകള്‍ ഭൂമിയില്‍ വിലസിയിരുന്നതായി ഗവേഷകര്‍. 2012 ല്‍ അര്‍ജന്റീനയുടെ തെക്കന്‍ മേഖലയില്‍ നിന്ന് കുഴിച്ചെടുത്ത ഫോസിലുകള്‍ പഠനവിധേയമാക്കിയപ്പോഴാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ദിനോസറിന് ഒരു ബോയിങ് വിമാനത്തിന്റെ ഭാരമുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. തങ്ങള്‍ക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഭാരമേറിയതും വലുപ്പം കൂടിയതുമായ ദിനോസറിന്റെ അവശിഷ്ടങ്ങളാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
37 മീറ്റര്‍ നീളവും ആറു മീറ്റര്‍ ഉയരവുമുള്ള ദിനോസര്‍ വിഭാഗത്തില്‍പെട്ട ഈ ഭീമന് 76 ടണ്‍ ഭാരമുണ്ടായിരുന്നു എന്നാണ് കണക്കുകൂട്ടല്‍. ഏകദേശം ഒരു ബോയിങ് വിമാനത്തിന്റെ ഭാരത്തിന് തുല്യമാണിത്. പതഗോടൈറ്റാന് മയോറം എന്ന് പേരിട്ടിരിക്കുന്ന ഈ ദിനോസറിന്റെ അസ്ഥികള്‍ അര്‍ജന്റീനയിലെ പാതഗോണിയ എന്ന പ്രദേശത്തുനിന്നാണ് 2012 ല്‍ ഖനനത്തിലൂടെ കണ്ടെടുത്തത്. ഭീമാകാരം എന്ന് അര്‍ഥമുള്ള ഗ്രീക് പദമായ ടൈറ്റാനുമായി ചേര്‍ത്താണ് പുതിയ ഭീമന് ദിനോസൊറിനെ പതഗോടൈറ്റാന് മയോറം എന്ന് വിളിക്കുന്നത്.
ദീര്‍ഘനാളത്തെ പരിശ്രമത്തിനു ശേഷം ലഭിച്ച ഫോസിലുകള്‍ കൂട്ടിയോജിപ്പിച്ചപ്പോഴാണ് തങ്ങള്‍ക്ക് ലഭിച്ചത് ചരിത്രത്തിലെ ഭീമാകാരന്മാരായ ദിനോസറിന്റെ അവശിഷ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞതെന്ന് അര്‍ജന്റീനയിലെ ഫെറുഗ്ലിയോ പാലിയന്റോളജി മ്യൂസിയത്തിലെ ഗവേഷകനായ ഡിയഗോ പോള്‍ അറിയിച്ചു.നിലവില്‍ ന്യൂയോര്‍ക്കിലെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലുള്ള ടൈറ്റാനോസര്‍ എന്ന ദിനോസറിന്റെ അസ്ഥികൂടമാണ് കണ്ടെടുത്തതില്‍ ഏറ്റവും വലുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല