1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2017

സ്വന്തം ലേഖകന്‍: ജര്‍മന്‍ വിമാന കമ്പനിയായ എയര്‍ ബര്‍ലിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, പന്ത്രണ്ടായിരത്തോളം ജീവനക്കാരുടെ ഭാവി തുലാസില്‍. ജര്‍മ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ എയര്‍ബര്‍ലിന്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിരന്തരം സര്‍വ്വീസുകള്‍ തടസ്സപ്പെടുന്നത് കാരണം ബുക്കിങ് ക്യാന്‍സല്‍ ചെയ്യപ്പെടുന്നത് വഴി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഭീമമായ നഷ്ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. 1.2 ബില്യന്‍ യൂറോയോളമാണ് ഏകദേശ നഷ്ടക്കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ കമ്പനിയുടെ 29.2 ശതമാനം ഓഹരികള്‍ എത്തിഹാദ് എയര്‍വെയ്‌സിന്റെ പക്കലാണ്. കമ്പനി നഷ്ടത്തിലായിത്തുടങ്ങിയപ്പോള്‍ ഇടക്കാല സഹായ ധനമായി എത്തിഹാദ് 250 മില്യണ്‍ യൂറോ നല്‍കിയിരുന്നു. എന്നാല്‍ ഈ തുക കൊണ്ട് കമ്പനിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഇനി ധന സഹായം നല്‍കില്ലെന്ന് എത്തിഹാദ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് എയര്‍ ബര്‍ലിന്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

അതേസമയം പാപ്പര്‍ ഹര്‍ജി നല്‍കാനുള്ള തീരുമാനം നിരാശാജനകമാണെന്നാണ് എത്തിഹാദിന്റെ അഭിപ്രായം. എന്നാല്‍ നഷ്ടത്തില്‍ തുടരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. പാപ്പര്‍ ഹര്‍ജി നടപ്പിലാക്കിയാലും കുറച്ചു കാലത്തേക്ക് കൂടി സര്‍വ്വീസ് തുടരും.

ഇതിനിടയില്‍ കമ്പനിയുടെ ചില ഭാഗങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ലുഫ്താന്‍സ അധികൃതരുമായി ചര്‍ച്ച നടക്കുന്നുണ്ട്. ലുഫ്താന്‍സ എയര്‍ബര്‍ലിനെ ഏറ്റെടുക്കുകയാണെങ്കില്‍ കമ്പനി സര്‍വ്വീസ് തുടരും. എന്നാല്‍ ലുഫ്താന്‍സയുമായി ചേര്‍ന്ന് മുന്‍പ് നടത്തിയ സര്‍വ്വീസുകളൊന്നും തന്നെ ലാഭത്തിലായിരുന്നില്ല എന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇതോടെ കമ്പനിയിലെ പന്ത്രണ്ടായിരത്തോളം ജോലിക്കാരുടെ ഭാവി തുലാസിലായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.