സ്വന്തം ലേഖകന്‍: ജപ്പാനില്‍ അപ്രതീക്ഷിത നീക്കത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ഷിന്‍സെ ആബെ, ഒക്ടോബര്‍ 22 ന് തെരഞ്ഞെടുപ്പ്, ആബെയ്‌ക്കെതിരെ ടോക്കിയോ വനിതാ ഗവര്‍ണറുടെ നേതൃത്വത്തില്‍ പടയൊരുക്കം. ഉത്തര കൊറിയയുമായുള്ള സംഘര്‍ഷം കത്തിനില്‍ക്കുന്നതും പ്രതിപക്ഷത്തിന്റെ ക്ഷീണവും മുതലെടുത്ത് വീണ്ടും ഭരണം പിടിക്കാനാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ പാര്‍ലമെന്റ് പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തെ കാലാവധി അവശേഷിക്കേയാണ് നടപടി.
ഒക്ടോബര്‍ 22 നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ടോക്കിയോയിലെ വനിതാ ഗവര്‍ണര്‍ യുറികോ കൊയികെ ബുധനാഴ്ച പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ ആബെയുടെ വിജയം സുഗമമാവില്ലെന്നു ഉറപ്പായി. ജപ്പാനെ ഞെട്ടിച്ച് തിങ്കളാഴ്ചയാണ് ആബെ പാര്‍മെന്റിന്റെ അധോസഭ പിരിച്ചുവിടാന്‍ പോവുകയാണെന്ന് അറിയിച്ചത്. ഇതു സംബന്ധിച്ച ആബെയുടെ പ്രഖ്യാപനം സ്പീക്കര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വായിച്ചു.
പാര്‍ലമെന്റ് പിരിച്ചുവിട്ട ശേഷം പത്രസമ്മേളനം നടത്തിയ ആബെ ഉത്തര കൊറിയയുടെ പേരു പറഞ്ഞാണ് ജനപിന്തുണ അഭ്യര്‍ഥിച്ചത്. ജനങ്ങളുടെ ജീവന്‍ എങ്ങനെ സംരക്ഷിക്കപ്പെടും എന്നതു സംബന്ധിച്ച തെരഞ്ഞെടുപ്പാണിത്. അതിനാല്‍ ഉത്തര കൊറിയയെ നേരിടാന്‍ തനിക്ക് ജനപിന്തുണ വേണമെന്നമെന്നായിരുന്നു ആബെ പറഞ്ഞത്. എന്നാല്‍ 65 വയസുള്ള യുറികോ കൊയികെ അപ്രതീക്ഷിതമായി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത് ക്ഷീണത്തിലായിരുന്ന പ്രതിപക്ഷത്തിന് പുതുജീവന്‍ പകര്‍ന്നു.
പ്രതിപക്ഷനിരയില്‍ ഐക്യമുണ്ടാക്കി ആബെക്കെതിരെ ഒറ്റക്കെട്ടായി ആഞ്ഞടിക്കാനാണ് യൂരികോയുടെ പദ്ധതിയെന്ന് കരുതപ്പെടുന്നു. നിരവധി ജനപ്രതിനിധികള്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ ആകൃഷ്ടരായിട്ടുണ്ട്. യൂരികോ പാര്‍ട്ടിക്കു നേതൃത്വം നല്കുമെങ്കിലും പാര്‍ലമെന്റിലേക്കു മത്സരിക്കില്ല. അടുത്തിടെ നടന്ന സര്‍വേകളില്‍ റേറ്റിംഗ് വര്‍ധിച്ചതും ആബെയെ അപ്രതീക്ഷിത നടപടിക്കു പ്രേരിപ്പിച്ചതായി കരുതുന്നു. എന്നാല്‍ യൂറികോ പാര്‍ട്ടി പ്രഖ്യാപിച്ചശേഷം ആബെയുടെ റേറ്റിംഗ് അല്പം താഴ്ന്നതയാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല