സ്വന്തം ലേഖകന്‍: ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയില്‍; സംസ്‌കാരം ബുധനാഴ്ച; സ്വപ്നനായികയെ അവസാനമായി കാണാന്‍ ആയിരങ്ങള്‍. ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈ അന്ധേരിയിലെ വസതിയിലെത്തിച്ചു. ദുബായില്‍നിന്ന് വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് 9.30 കഴിഞ്ഞപ്പോഴാണു മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. ദുബായിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇവിടെനിന്ന് ആംബുലന്‍സ് മാര്‍ഗമാണ് ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വസതിയില്‍ മൃതദേഹം എത്തിച്ചത്.
മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്‌കാരം. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പൂര്‍ത്തിയായി. അതേസമയം, ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധക പ്രവാഹം തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല