സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി വാരികയുടെ മുലയൂട്ടുന്ന മുഖചിത്രം. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയുടെ ദ്വൈവാരികയായ ഗൃഹലക്ഷ്മിയുടെ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം ക്യാമ്പയിനാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുലയൂട്ടുന്ന സ്ത്രീയുടെ കവര്‍ ചിത്രവുമായാണ് ഗൃഹലക്ഷ്മി പുറത്തിറങ്ങിയിരിക്കുന്നതും ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതും. മോഡലും നടിയുമായ ജിലു ജോസഫാണ് കവര്‍ ഗേളായി എത്തിയിരിക്കുന്നത്.
അതേസമയം, ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മാറ്റത്തിലേക്കുള്ള ചുവടുവെപ്പായാണ് ഭൂരിപക്ഷമാളുകളും കവറിനെ കാണുന്നത്. എന്നാല്‍, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ, വെളുത്ത മോഡലിനെ കവര്‍ ഗേളായ ചിത്രീകരിച്ചതിന് പിന്നില്‍ സവര്‍ണ്ണ മനോഭാവമാണെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.
അതേസമയം, ഒരു വിഭാഗം ക്യാമ്പയിനെതിരേയും രംഗത്തെത്തിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മാമാരെ ആരും തുറിച്ചു നോക്കാറില്ലെന്നും കവര്‍ വാരിക വിറ്റു പോകാനുള്ള ഗൃഹലക്ഷ്മിയുടെ തന്ത്രമാണെന്നുമാണ് ചിലര്‍ ആരോപിക്കുന്നത്. ചര്‍ച്ചകള്‍ പലതരത്തില്‍ കൊടുമ്പിരി കൊള്ളുന്നുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളും ഗൃഹലക്ഷ്മിയുടെ കവര്‍ മാറ്റത്തിന്റെ തുടക്കത്തിലേക്കുള്ള ചവിട്ടു പടിയാണെന്നാണ് വിലയിരുത്തുന്നത്.
കുഞ്ഞിനെ മുലയൂട്ടുക എന്നത് അമ്മയ്ക്ക് മാത്രം കിട്ടുന്ന പ്രിവിലേജ് ആയാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്നും അതിനെ സമൂഹം വള്‍ഗറായി ചിത്രീകരിക്കുമ്പോള്‍ മാത്രമാണ് അതില്‍ അസ്വാഭാവികത വരുന്നതെന്നുമായിരുന്നു കവറിനെ കുറിച്ച് മോഡലായ ജിലു ജോസഫിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല