സ്വന്തം ലേഖകന്‍: ട്രംപിന്റെ വിശ്വസ്തയും വലംകൈയ്യുമായിരുന്ന വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഹോപ് ഹിക്‌സ് രാജിവെച്ചു. യു.എസ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷിച്ച പ്രത്യേക സമിതി നീണ്ട ഒമ്പതുമണിക്കൂര്‍ ചോദ്യം ചെയ്തതിന് പിറകെയാണ് രാജി. 2017 ജനുവരിക്കുശേഷം രാജിവെക്കുന്ന ട്രംപിന്റെ മാധ്യമ ഉപദേഷ്ടാക്കളില്‍ നാലാമത്തെയാളാണ് മുന്‍ മോഡല്‍ കൂടിയായ ഈ 29 കാരി.
ചോദ്യംചെയ്യലുമായി പുതിയ നീക്കത്തിന് ബന്ധമൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ചതെല്ലാം നേടിയതിനാല്‍ രാജിവെക്കുന്നുവെന്നാണ് ഹിക്‌സിന്റെ വിശദീകരണം. സാറയുടെ രാജി കനത്ത നഷ്ടമാണെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിനിടെ ട്രംപിനുവേണ്ടി നുണകള്‍ പറഞ്ഞിരുന്നതായി സമ്മതിച്ചെന്നാണ് സൂചന.
യു.എസ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ തോല്‍പിക്കാന്‍ റഷ്യയുമായി ചേര്‍ന്ന് കരുക്കള്‍ നീക്കിയെന്ന ആരോപണം പക്ഷേ, അവര്‍ നിഷേധിച്ചിട്ടുണ്ട്. സ്റ്റീഫന്‍ ബാനണ്‍, മൈക്കല്‍ ഫ്‌ലിന്‍, സീന്‍ സ്‌പൈസര്‍, ആന്റണി സ്‌കറാമൂസി, റീന്‍സ് പ്രീബസ് തുടങ്ങി നിരവധി ട്രംപ് വിശ്വസ്തരാണ് ഇതിനകം വൈറ്റ്ഹൗസില്‍ നിന്ന് രാജിവെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല