സ്വന്തം ലേഖകന്‍: 1981 ല്‍ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടെ എലിസബത്ത് രാജ്ഞിക്കു നേരെ വധശ്രമം നടന്നതായി സ്ഥിരീകരണം. ന്യൂസിലന്‍ഡ് പട്ടണമായ ഡ്യൂണ്‍ഡനില്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് രാജ്ഞിക്കു നേരെ വധശ്രമം നടന്നതായും 17 കാരനായ ക്രിസ്റ്റഫര്‍ ലെവിസാണ് ആക്രമണം നടത്തിയതെന്നും ന്യൂസിലന്‍ഡ് രഹസ്യാന്വേഷണ വിഭാഗം സമ്മതിച്ചു. സംഭവം പതിറ്റാണ്ടുകളോളം മൂടിവെച്ചതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഒക്‌ടോബര്‍ 14ന് നഗരത്തിലെ ശാസ്ത്രപ്രദര്‍ശനം കാണാനായി വാഹനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെയാണ് എലിസബത്ത് രാജ്ഞിയെ ലക്ഷ്യമിട്ട് വെടിയുണ്ടയെത്തിയത്. വധിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു വെടിവെപ്പെങ്കിലും ഏറെ ദൂരെനിന്നായതിനാല്‍ ലക്ഷ്യം തെറ്റി. കനത്ത സുരക്ഷ മറികടന്ന് രാജ്ഞിക്കരികില്‍ എത്താനാവാത്തതും കൃത്യമായി ഉന്നംപിടിക്കാനാവുന്ന റൈഫിള്‍ ആക്രമിയുടെ കൈയിലില്ലാത്തതുമാണ് തുണയായത്.
എട്ടു ദിവസത്തെ പര്യടനത്തിന്റെ ഭാഗമായി ഡ്യൂണ്‍ഡണിലെത്തിയ രാജ്ഞി ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത ന്യൂസിലന്‍ഡിന് നാണക്കേടാകുമെന്ന് കരുതി അധികൃതര്‍ മറച്ചുവെക്കുകയായിരുന്നു എന്നാണ് സൂചന. പ്രതിക്കെതിരെ വധശ്രമത്തിന് കേസ് പോലും എടുത്തില്ല. സംശയം പ്രകടിപ്പിച്ച മാധ്യമ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത മുക്കിയതായും ആരോപണമുണ്ട്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വീണ്ടും അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല