സ്വന്തം ലേഖകന്‍: കോടികളുടെ വായ്പാ തട്ടിപ്പു നടത്തി മുങ്ങുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നിയമത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി. 100 കോടി രൂപയ്ക്കു മുകളില്‍ സാന്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുന്നവരുടെയോ നിയമത്തിനു മുന്നാല്‍ ഹാജരാകാതിരിക്കുന്നവരുടെയോ സ്വത്ത് കണ്ടു കെട്ടാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ചില്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ സൂചന.
വായ്പ തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനുള്ള ബില്ലിന്റെ കരട് രൂപത്തിന് കേന്ദ്ര നിയമമന്ത്രാലയം ഭേദഗതി നിര്‍ദേശങ്ങളോടെ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. 9000 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ രാജ്യം വിട്ടതിനു പിന്നാലെ തന്നെ സര്‍ക്കാര്‍ ഇത്തരമൊരു ബില്ലിന്റെ പണിപ്പുരയിലായിരുന്നു. മല്യയുടെ ബാങ്ക് വായ്പാ തട്ടിപ്പുകള്‍ക്കു പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപ തട്ടി രാജ്യം വിട്ട നീരവ് മോദിയുടെയും ഡല്‍ഹി ഓറിയന്റല്‍ ബാങ്കില്‍ നിന്നു 389 കോടി രൂപ തട്ടി 2014ല്‍ തന്നെ രാജ്യം വിട്ടിരുന്ന ആഭരണ കയറ്റുമതിക്കാരുടെയും കേസുകള്‍ കൂടി തുടര്‍ച്ചയായി വന്നതോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്കു കടക്കുന്നത്.
നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ കോടി തട്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ടവരുടെ സ്വത്തുക്കള്‍ ബാങ്കിനു കണ്ടുകെട്ടാനാകില്ല. ഈ സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളില്‍ ഉള്ളതുപോലെ സമാന നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങിയത്. സാന്പത്തിക തട്ടിപ്പുകാരുടെ സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിനും ബാങ്കുകളുടെ വായ്പ ഈടാക്കുന്നതു വരെ നിശ്ചിത സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. സാന്പത്തിക തട്ടിപ്പു നടത്തിയതിന്റെ പേരില്‍ അറസ്റ്റ് വാറന്റ് നേരിട്ട് രാജ്യം വിടുകയും നിയമനടപടികള്‍ക്കു ഹാജരാകാതിരിക്കുകയും ചെയ്യുന്ന വ്യക്തികളുടെയാണു സ്വത്ത് കണ്ട് കെട്ടാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല