സ്വന്തം ലേഖകന്‍: നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; വീഡിയോയില്‍ കുടുങ്ങിയ ആക്രമികളില്‍ മൂന്നു പേര് പിടിയില്‍, വീഡിയോ കാണാം. ബസ് കാറില്‍ ഉരസിയെന്നു ആരോപിച്ചു ഡ്രൈവറെ ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി സ്വദേശികള്‍ ആയ അനീഷ്, അജീഷ്, ദിലീപ് എന്നിവരാണ് പൊലീസ് പിടിയിലായത്. പാലക്കാട് കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ അബൂബക്കറിനെ ആണ് ഒരു സംഘം മര്‍ദ്ദിച്ചത്.
മൂക്കിനും മുഖത്തും സാരമായി പരുക്കേറ്റ ഡ്രൈവര്‍ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് മുട്ടിക്കുളങ്ങര കെഎപി ബറ്റാലിയന് ക്യാമ്പിന് സമീപത്തു വെച്ചാണ് ഓവര്‍ ടേക്ക് ചെയ്യവേ ടാറ്റ സുമോ വാഹനവുമായി ഉരസിയത്.
പാലക്കാട്ട് ഒരു കല്യാണത്തില്‍ പങ്കെടുത്തു മടങ്ങി പോയ സംഘം ആയിരുന്നു കാറില്‍. ടെമ്പോ ട്രാവലറിലും ടാറ്റ സുമോയിലുമായി സഞ്ചരിച്ച ഈ സംഘം മുണ്ടൂരിനടുത്തു വെച്ചു കെഎസ്ആര്‍ടിസി ബസ് റോഡില്‍ തടഞ്ഞു. തുടര്‍ന്ന് ഡ്രൈവറുടെ വശത്തുള്ള വാതില്‍ തുറന്ന് യുവാക്കള്‍ ആക്രമിക്കുകയായിരുന്നു.
ടാറ്റാ സുമോയില്‍ വന്ന സംഘം മദ്യപിച്ചിരുന്നതായി മര്‍ദ്ദനമേറ്റ ബസ് ഡ്രൈവര്‍ അബൂബക്കര്‍ പറഞ്ഞു. 10 മിനിറ്റോളം യുവാക്കള്‍ തന്നെ മര്‍ദ്ദിച്ചെന്ന് ഡ്രൈവര്‍ പറഞ്ഞു.
Video: Asianet News
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല