സ്വന്തം ലേഖകന്‍: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് തട്ടിയെടുക്കാന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി 9.45ന് കലാസിപാളയത്തില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് മൈസൂരു റോഡ് ആര്‍.വി. കോളേജിന് സമീപത്തെത്തിയപ്പോള്‍ പോലീസെന്ന വ്യാജേന എത്തിയ നാലംഗസംഘം തട്ടിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസില്‍ 42 യാത്രികരുണ്ടായിരുന്നു.
സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മൂന്നു പേരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. രാജരാജേശ്വരി നഗര്‍ പോലീസാണ് കേസെടുത്തത്. ബസ് ആര്‍.വി. കോളേജിന് സമീപത്തെത്തിയപ്പോള്‍ നാലു പേര്‍ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. പോലീസാണെന്ന ധാരണയില്‍ ബസ് ജീവനക്കാര്‍ പരിശോധനയുമായി സഹകരിച്ചു. തുടര്‍ന്ന് ബസ് രാജരാജേശ്വരി നഗറിന് സമീപത്തെ ഗോഡൗണിലെത്തിച്ചു.
ഗോഡൗണിലുണ്ടായിരുന്നവര്‍ ഗേറ്റ് പൂട്ടിയ ശേഷം ബസില്‍നിന്ന് ആരെയും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. സംശയം തോന്നിയ യാത്രികരില്‍ ചിലര്‍ പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഗോഡൗണിലുണ്ടായിരുന്ന നാലുപേരെ അറസ്റ്റ് ചെയ്തു. ഇതിനിടെ മൂന്നുപേര്‍ രക്ഷപ്പെട്ടു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഫൈനാന്‍സ് കമ്പനിയാണ് ബസ് തട്ടിയെടുത്തതിന്റെ പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല