സ്വന്തം ലേഖകന്‍: സമാധാനത്തിലേക്കുള്ള ആദ്യ ചുവട്; മൂന്ന് അമേരിക്കന്‍ ബന്ദികളെ ഉത്തര കൊറിയ മോചിപ്പിച്ചു. ബുധനാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുഎസ് പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. കിം ജോങ് ഉന്നും ട്രംപും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ഭാഗമായി പ്യോങ്‌യാങ് സന്ദര്‍ശിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തിരികെവരുന്നത് വിട്ടയച്ച മൂന്ന് തടവുകാരെയും കൊണ്ടാണെന്ന് ട്രംപ് വ്യക്തമാക്കി.
അവര്‍ ആരോഗ്യവാന്മാരാണെന്നും വ്യാഴാഴ്ച ആന്‍ഡ്ര്യൂസ് വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന അവരെ താന്‍ സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപും കിം ജോങ് ഉന്നും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്കു മുന്നോടിയായാണ് കിം ഹാക്ക് സോങ്, ടോണി കിം, കിം ഡോങ് ചുള്‍ എന്നിവരെ തടവില്‍നിന്ന് മോചിപ്പിച്ചത്. ഇവരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി ഉത്തര കൊറിയ ജയിലിലടക്കുകയായിരുന്നു.
ഉച്ചകോടിക്കു മുന്നോടിയായി ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍ എന്നീ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ തിരക്കിലാണ് ഉത്തര കൊറിയയെന്നാണ് സൂചന. ദക്ഷിണ കൊറിയ, ചൈന പ്രസിഡന്റുമാരുമായി കിം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കുള്ള സന്നദ്ധത ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ അറിയിച്ചിമുട്ടുണ്ട്. ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കിം കഴിഞ്ഞ ദിവസം രണ്ടാമതും കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല