സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്രയേലും ഇറാനും നേര്‍ക്കുനേര്‍; ഇറാന്‍ സൈനിക താവളങ്ങള്‍നേരെ ഇസ്രയേല്‍ വ്യോമാക്രണം. ബുധനാഴ്ച അര്‍ധരാത്രിയോടെ ഇസ്രയേല്‍ കയ്യടക്കിയ പലസ്തീന്‍ പ്രദേശമായ ഗോലാന്‍കുന്നുകള്‍ക്കു നേരെ സിറിയയില്‍നിന്ന് റോക്കറ്റാക്രമണമുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണ് സിറിയയിലെ ഇറാന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തിയത്.
സിറിയയിലുള്ള ഇറാന്റെ ക്യൂഡ്‌സ് സേനയാണ് ഗോലാന്‍കുന്നിനു നേരെ ആക്രമണം നടത്തിയതെന്നാരോപിച്ചാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം. അസദ് ഭരണകൂടത്തിനു പിന്തുണയായാണ് ഇറാന്റെ സൈനികതാവളങ്ങള്‍ സിറിയയില്‍ സ്ഥാപിച്ചത്. ഇറാന്‍ ആണവക്കരാറില്‍നിന്നു യുഎസ് പിന്മാറിയതിനു പിന്നാലെയാണ് ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം. കരാറിനെതിരെ ശക്തമായ നിലപാടെടുത്ത രാജ്യമാണ് ഇസ്രയേല്‍. സിറിയയില്‍നിന്ന് ഇസ്രയേലിനു നേരെ ഇറാന്‍ നടത്തുന്ന ആദ്യ ആക്രമണമാണ് ഗോലാന്‍കുന്നുകള്‍ക്കു നേരെയുണ്ടായത്.
സിറിയയിലെ ഇറാന്‍–ഹിസ്ബുല്ല കേന്ദ്രങ്ങളെ മുന്‍പ് ഇസ്രയേല്‍ ആക്രമിച്ചിട്ടുണ്ടെങ്കിലും 2011ല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം തുടങ്ങിയശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. സിറിയയിലെ ഇറാന്റെ മിക്കവാറും എല്ലാ സൈനികകേന്ദ്രങ്ങളും ആക്രമിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല