സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം കര്‍ശനമാക്കി ബ്രിട്ടീഷ് പാര്‍ലമെന്റ്; പാര്‍ലമെന്റ് മന്ദിരത്തില്‍ കോഫീ കപ്പുകള്‍ക്ക് അധിക നികുതി. ബ്രിട്ടനിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ജൂണ്‍ മാസത്തോടെ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. പാര്‍ലമെന്ററി അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വാട്ടര്‍ ബോട്ടിലുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നത്. ഒപ്പം ഡിസ്പോസബിള്‍ കോഫീ കപ്പുകള്‍ക്ക് അധിക നികുതി ലാറ്റെ ലെവി എന്ന പേരിലും ചുമത്താനും തീരുമാനമായി.
ഇതോടെ എകദേശം 125,000 പ്ലാസ്റ്റിക് ബോട്ടില്‍ മാലിന്യമാകും പാര്‍ലമെന്റില്‍ നിന്നും ഒഴിവാക്കപ്പെടുക എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ പ്രതിവര്‍ഷം 750,000 ഡിസ്പോസിബിള്‍ കോഫീ കപ്പുകളാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് നീക്കം ചെയ്യുന്നത്. അധിക നികുതി ചുമത്തുന്നതോടെ ഇതിന്റെ അളവ് പരമാവധി കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ തുടങ്ങിവെച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി റീയൂസബിള്‍ കോഫീ കപ്പുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് പ്രചാരം നല്‍കിയിരുന്നു. ഡിസ്പോസിബിള്‍ കപ്പുകളില്‍ കോഫീ വാങ്ങുന്നവര്‍ക്ക് ഇരുപത്തിയഞ്ച് പെന്‍സ് അധികം നികുതിയായി ഈടാക്കണമെന്ന് പാര്‍ലമെന്ററി അതോറിറ്റി നിര്‍ദ്ദേശിക്കുകയും ചെയ്തു. ലോകത്തെ തന്നെ ആദ്യ പ്ലാസ്റ്റിക് ഫ്രീ പാര്‍ലമെന്റായി ബ്രിട്ടീഷ് പാര്‍ലമെന്റ് മാറട്ടെയെന്ന് എന്വിറോണ്മെന്റല് ഓഡിറ്റ് കമ്മിറ്റി ചെയര്‍മാനായ ലേബര്‍ എം പി മേരി ക്രെയ്ഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല