1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2018

സ്വന്തം ലേഖകന്‍: യെമനില്‍ നാശം വിതച്ച് മെകുനു ചുഴലിക്കാറ്റ്; വെള്ളപ്പൊക്കത്തില്‍ 40 പേരെ കാണാതായി; ഇന്ത്യന്‍ നാവികസേന ഒമാനിലേക്ക്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് യെമനിലെ സ്വകോത്ര ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 40 പേരെ കാണാതായി. കാണാതായവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ദ്വീപിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ 150 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നിരവധി പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.

പലരും വെള്ളം കയറിയ റോഡിലൂടെ കുഞ്ഞുങ്ങളുമായി നീങ്ങുന്ന കാഴ്ചകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അയല്‍ രാജ്യമായ ഒമാനില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മെക്കനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാവിക സേന സലാലയിലേക്ക് തിര്‍ച്ചു. രണ്ട് കപ്പലുകള്‍ മുംബൈയില്‍ നിന്ന് തിരിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് ദീപക്, ഐ.എന്‍.എസ് കൊച്ചി എന്നീ കപ്പലുകള്‍ മുംബൈയില്‍ നിന്നും സലാലയിലേക്ക് തിരിച്ചതായി ഇന്ത്യന്‍ എംബസ്സി അറിയിച്ചു.ഹെലിക്കോപ്ടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ വരുന്നത്.

ഓമന്‍ റോയല്‍ നേവിയുടെ നിര്‍ദേശമനുസരിച്ചാവും ഇന്ത്യന്‍ നേവിയുടെ രക്ഷാപ്രവര്‍ത്തനം. മെക്കുനു ചുഴലിക്കാറ്റ് കരയിലേക്ക് കൂടുതല്‍ അടുത്തതോടെ സലാലയില്‍ വന്‍നാശനഷ്ടങ്ങളാണ് ഉണ്ടായത്. കനത്ത കാറ്റില്‍ റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പലയിടത്തും കടല്‍ അകത്തേക്ക് കയറിയതോടെ നിരവധിയാളുകള്‍ വീട് ഉപേക്ഷിച്ച് സുരക്ഷിതസ്ഥലത്തേക്ക് മാറി. ആഞ്ഞടിക്കുന്ന കാറ്റിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പലരും പങ്കുവയ്ക്കുന്നുണ്ട്.

പ്രാദേശിക സമയം രാത്രി ഒന്‍പതിനും പത്തിനും ഇടയില്‍ കൊടുങ്കാറ്റ് സലാലയില്‍ ആഞ്ഞടിക്കുമെന്നായിരുന്നു കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. തീരത്തോട് അടുത്തമ്പോള്‍ കാറ്റിന്റെ ശക്തി കൂടുതല്‍ ഉയര്‍ന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങരുത് എന്ന് സലാല ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. സലാലയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം ഇതിനോടകം അടച്ചു കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.