1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2018

സ്വന്തം ലേഖകന്‍: ‘റോ’ മുന്‍ മേധാവിയോടൊപ്പം ചേര്‍ന്ന് രഹസ്യങ്ങളുടെ പുസ്തകമെഴുതി; ഐഎസ്‌ഐ മുന്‍ മേധാവി പാക് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയാകുന്നു. ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി അമര്‍ജിത് സിങ് ദുലത്തിനൊപ്പം ചേര്‍ന്നു പുസ്തകമെഴുതിയ പാക്ക് ചാരസംഘടനാ (ഐഎസ്‌ഐ) മുന്‍ മേധാവി ജനറല്‍ അസദ് ദുറാനിക്കെതിരെ പാക്കിസ്ഥാനില്‍ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍.

ഇതേക്കുറിച്ചു വിശദീകരണം നല്‍കാന്‍ ദുറാനി നാളെ നേരിട്ടു ഹാജരാകണമെന്നു സൈന്യം ആവശ്യപ്പെട്ടു.  ദുറാനിയും ദുലത്തും ചേര്‍ന്നെഴുതിയ ‘ദ് സ്‌പൈ ക്രോണിക്കിള്‍സ്: റോ, ഐഎസ്‌ഐ ആന്‍ഡ് ദി ഇല്യൂഷന്‍ ഓഫ് പീസ്’ എന്ന പുസ്തകം ഇരുരാജ്യങ്ങളിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഐഎസ്‌ഐ മുന്‍ മേധാവിയുടെ മകന്‍ കൊച്ചിയില്‍ ജോലി ചെയ്തിരുന്നെന്നും അല്‍ ഖായിദ നേതാവ് ഉസാമ ബിന്‍ ലാദന്‍ വധിക്കപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പു പാക്ക് സേനാമേധാവി കയാനി യുഎസ് അധികൃതരുമായി രഹസ്യചര്‍ച്ച നടത്തിയെന്നും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണു പുസ്തകത്തില്‍.

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ചും കുല്‍ഭൂഷണ്‍ ജാദവ്, നവാസ് ഷരീഫ്, ഹാഫിസ് സയീദ് തുടങ്ങിയവരുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി വിവരിക്കുന്നുണ്ട്. ദുറാനിയും ദുലത്തും തമ്മിലുള്ള സംഭാഷണ രൂപത്തിലാണു പുസ്തകത്തിന്റെ രൂപകല്പന. മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹയുടേതാണ് എഴുത്ത്. പാക്കിസ്ഥാനിലോ ഇന്ത്യയിലോ കാണാതെ ഇസ്തംബുള്‍, ബാങ്കോക്ക്, കഠ്മണ്ഡു എന്നിവിടങ്ങളിലായിരുന്നു ഇരുവരും പുസ്തക രചനയ്ക്കായി കൂടിക്കാഴ്ചകള്‍ നടത്തിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.