1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2018

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയുടെ ആസിയാന്‍ സന്ദര്‍ശനം തുടരുന്നു; മലേഷ്യന്‍ പ്രധാനമന്ത്രിയുമായി നിര്‍ണായക കൂടിക്കാഴ്ച. ആസിയാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മലേഷ്യയിലെത്തും. പുതിയതായി സ്ഥാനമേറ്റ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി സിംഗപൂരിലേക്ക് തിരിക്കും.

വെള്ളിയാഴ്ച്ച സിംഗപ്പൂര്‍ പ്രസിഡന്റ് ഹലിമ യാക്കൂബുമായി മോദി ചര്‍ച്ച നടത്തും.സിംഗപ്പൂരിലെ ഇരുപതിലധികം കമ്പനി മേധാവിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും.സമുദ്രസുരക്ഷ വാണിജ്യം എന്നീ മേഖലകളിലായി സുപ്രധാന കരാറുകളില്‍ കഴിഞ്ഞ ദിവസം ഇന്ത്യയും ഇന്തോനേഷ്യയും ഒപ്പു വച്ചിരുന്നു.

ജൂണ്‍ 2 വരെ നീളുന്ന യാത്രയില്‍ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള കരുത്തുറ്റ തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുമെന്ന് മോദി അറിയിച്ചു. സിംഗപ്പൂരില്‍ സാമ്പത്തിക സാങ്കേതികവിദ്യ, നൈപുണ്യ വികസനം, നഗരാസൂത്രണം, കൃത്രിമ ബുദ്ധി എന്നീ രംഗങ്ങളില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും മോദിയുടെ സന്ദര്‍ശനം ഊന്നല്‍ നല്‍കുക.

മേയ് 31ന് ഇന്ത്യാ സിംഗപ്പൂര്‍ സംരംഭകത്വവും നവീനാശയങ്ങളും സംബന്ധിച്ച പ്രദര്‍ശനം സന്ദര്‍ശിക്കും. ബിസിനസ്സ്, സമൂഹ ചടങ്ങുകളിലും തുടര്‍ന്ന് വ്യാപാര, നിക്ഷേപ അവസരങ്ങള്‍ സംബന്ധിച്ച് തിരഞ്ഞെടുത്ത സിംഗപ്പൂരിലെ മുതിര്‍ന്ന സി.ഇ.ഒ. മാരുമായുള്ള വട്ടമേശ സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. ജൂണ്‍ 1 ന് സിംഗപ്പൂര്‍ പ്രസിഡന്റ് ഹലീമ യാക്കോബുമായി മോദി കൂടിക്കാഴ്ച നടത്തും. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീയുമായും നാന്‍യാങ് സാങ്കേതിക സര്‍വ്വകലാശാലയിലെ സന്ദര്‍ശനവും, അവിടത്തെ യുവ വിദ്യാര്‍ത്ഥികളുമായുള്ള ആശയ വിനിമയവും മോദിയുടെ പരിപാടിയിലുണ്ട്.

1ന് അന്ന് വൈകിട്ട് ഷാന്‍ഗ്രിലാ ചര്‍ച്ചയില്‍ മോദി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ഇത് ആദ്യമായിട്ടായിരിക്കും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ പ്രഭാഷണം നടത്തുന്നത്. മേഖലയിലെ സുരക്ഷാ വിഷയങ്ങളെ കുറിച്ചും. സമാധാനവും സുസ്ഥിരതയും മേഖലയില്‍ പാലിക്കുന്നതിനെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള ഒരവസരമായിരിക്കും ഷാന്‍ഗ്രിലാ ചര്‍ച്ചയെന്നാണ് ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷ.

ജൂണ്‍ 2 ന് ക്ലിഫോര്‍ഡ് പീയറില്‍ മോദി ഒരു ഫലകം അനാച്ഛാദനം ചെയ്യും. 1948 മാര്‍ച്ച് 27 ന് ഇവിടെയാണ് ഗാന്ധിജിയുടെ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്തത്. ഇന്ത്യയുമായി സാംസ്‌കാരിക ബന്ധമുള്ള ചില ആരാധനാലയങ്ങളും മോദി സന്ദര്‍ശിക്കുന്നുണ്ട്. മോദിയുടെ ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാന ഇനം സിംഗപ്പൂരിലെ ചാംഗി നാവികത്താവള സന്ദര്‍ശനമായിരിക്കും. അവിടെ ഇന്ത്യന്‍ നാവിക കപ്പലായ ഐ.എന്‍.എസ്. സത്പുര സന്ദര്‍ശിച്ച്, ഇന്ത്യന്‍ നാവിക സേനയിലേയും, റോയല്‍ സിംഗപ്പൂര്‍ നേവിയിലേയും ഓഫീസര്‍മാരുമായും നാവികരുമായും ആശയവിനിമയം നടത്തും

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.