സ്വന്തം ലേഖകന്‍: ഉരുക്ക്, അലുമിനിയം ഉല്പന്ന ഇറക്കുമതിയ്ക്ക് അധിക തീരുവ; യുഎസ് ഒറ്റപ്പെടുന്നു; പ്രതിഷേധമുയര്‍ത്തി സഖ്യരാജ്യങ്ങളും. ജി 7 ഉച്ചകോടിക്കു മുന്നോടിയായി ചേര്‍ന്ന ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ യുഎസിനെ ഒറ്റപ്പെടുത്തിയ മറ്റ് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബദലായി യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് അധികതീരുവ ചുമത്തുമെന്ന് ജി 7 സഖ്യരാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
അടുത്തയാഴ്ച ക്യുബെക്കിലാണു ജി–7 ഉച്ചകോടി. യുഎസിനു പുറമേ കാനഡ, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന് എന്നീ വികസിത രാജ്യങ്ങളാണു ജി–7ല്‍ ഉള്ളത്. കാനഡ, മെക്സിക്കോ, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍നിന്നുള്ള ഉരുക്ക് ഉല്പന്നങ്ങള്ക്ക് 25 ശതമാനവും അലുമിനിയം ഉല്പന്നങ്ങള്ക്കു 10 ശതമാനവുമാണ് ഇറക്കുമതി തീരുവ ചുമത്തുന്നത്.
ട്രംപിന്റെ തീരുമാനത്തിനെതിരെ ആറു രാജ്യങ്ങളുടെയും ധനമന്ത്രിമാര്‍ ശക്തമായ നിലപാടെടുത്തതോടെ, ഉച്ചകോടിക്കു മുന്‍പേ പ്രശ്നം തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെ യുഎസ് നടപടി വ്യാപാരനിയമ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂണിയനും കാനഡയും ലോക വ്യാപാര സംഘടനയെ സമീപിച്ചു. 24 വര്‍ഷം മുന്‍പ് നിലവില്‍വന്ന വടക്കന്‍ അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ (എന്എഎഫ്ടിഎ) റദ്ദാക്കാനും ട്രംപ് ഭരണകൂടം നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല