സ്വന്തം ലേഖകന്‍: സൗത്ത് ലണ്ടനിലെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് യുവാക്കളെ തിരിച്ചറിഞ്ഞു. ലൂബൊറോ ജംക്ഷന്‍ സ്റ്റേഷന് സമീപം റയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച്ച രാവിലെയോടെ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ ആല്‍ബര്‍ട്ടോ ഫ്രസ്‌നെടാ കാറാസ്‌കോ (19), ഹാരിസണ്‍ സ്‌കോട്ട് ഹുഡ് (23), ജാക്ക് ഗില്‍ബെര്‍ട്ട്(23) എന്നിവരുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട മൂന്ന് പേരും റയില്‍വേ ട്രാക്കിലും പരിസരത്തുള്ള മതിലുകളിലും ഗ്രാഫിറ്റി ആര്‍ട്ട് നടത്തുന്നതിനിടെ ട്രെയിന്‍ തട്ടിയാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച്ച വെളുപ്പിന് ഒരു മണിയോടെയാണ് കാര്‍ഗോ ഫ്രയ്റ്റ് ട്രെയിനിടിച്ച് യുവാക്കള്‍ കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ക്കരുകില്‍ നിന്ന് സ്‌പ്രേ പെയിന്റ് ക്യാനുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. നോര്‍ത്ത് ലണ്ടനിലെ മുസ്‌വെല്‍ ഹില്ലില്‍ നിന്നുള്ള ഹാരിസണ്‍ സ്‌കോട്ട് ഹുഡ് പ്രഗല്‍ഭനായ ഗ്രാഫിറ്റി കലാകാരനായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്പാനിഷ് അമേരിക്കന്‍ വംശജനായ കരാക്‌സണ്‍ നോര്‍ത്ത് ലണ്ടനിലെ തന്നെ ഹാംസ്റ്റഡിലാണ് താമസം. ഈ വരുന്ന സെപ്റ്റംബറില്‍ ലണ്ടനിലെ ലണ്ടന്‍ കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ ഗ്രാഫിക് ഡിസൈനില്‍ ചേരാനിരിക്കെയാണ് മരണമെത്തിയത്. മുസ്‌വെല്‍ ഹില്ലില്‍ തന്നെയാണ് ഗില്‍ബെര്‍ട്ടും താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല