1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2018

സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ വേര്‍പിരിക്കല്‍ വിവാദം; നടപടികള്‍ നിര്‍ത്തിവക്കാന്‍ ഉത്തരവിട്ട് ട്രംപ്. ബുധനാഴ്ച പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കുടികളെ കുടിയേറ്റക്കാരായ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കുന്ന നടപടി മരവിപ്പിക്കാന്‍ ട്രംപ് നിര്‍ദേശിച്ചത്. ആയിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം. നേരത്തെ അതിര്‍ത്തിയില്‍ കുട്ടികളെ കുടുംബത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപിന്റെ ഭാര്യ മെലാനിയ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന നിലപാടിലായിരുനു ട്രംപ്.

കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തുന്നതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. അനധികൃതമായി അമേരിക്കയിലേക്ക് എത്തുന്നവരെ കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി ജയിലടയ്ക്കുവാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ പുതിയ നയമാണ് കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തുന്നതിന് കാരണമായത്. അമേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും അവരുടെ കുട്ടികളെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്.

ട്രംപിന്റെ ഈ നടപടി പരക്കെ വിമര്‍ശനം ഏറ്റു വാങ്ങിയ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ‘അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തികളില്‍ കര്‍ക്കശമായി കൈകാര്യം ചെയ്യുന്നത് തുടരും. എന്നാല്‍ പിടിയിലാകുന്ന മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ വേര്‍പിരിക്കില്ല. വേര്‍പിരിയേണ്ടി വരുന്ന കുടുംബങ്ങളുടെ കാഴ്ചയും സങ്കടവും കാണാന്‍ ഞാനും ഇഷ്ടപ്പെടുന്നില്ല,’ ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പറഞ്ഞു. രണ്ടായിരത്തോളം കുട്ടികളെയാണ് ഇത്തരത്തില്‍ ട്രംപ് സര്‍ക്കാര്‍ കുടുംബത്തില്‍ നിന്ന് വേര്‍പിരിച്ചത്.

നേരത്തെ കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ട്രംപ് കുടിയേറ്റക്കാരെ ശല്യക്കാരായ പ്രാണികളോടും മറ്റ് ജീവികളോടുമാണ് താരതമ്യപ്പെടുത്തിയത്. ഇത്തരം ഒരു സാഹചര്യത്തിന് ഉത്തരവാദികള്‍ ഡെമോക്രാറ്റു കളാണെന്നും ഡെമോക്രാറ്റുകള്‍ അനധികൃത ക്രിമിനലുകളായ കുടിയേറ്റക്കാരെ വോട്ടുബാങ്കായി കിട്ടാന്‍ വേണ്ടി അവരെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അതുമൂലമാണ് കുട്ടികളെ കുടുംബങ്ങളില്‍ നിന്ന് പിരിക്കാന്‍ നിര്‍ബന്ധിതരാവേണ്ടി വന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.