സ്വന്തം ലേഖകന്‍: രാജ്ഞിയുടെ അംഗീകാരം ലഭിച്ചതോടെ ബ്രെക്‌സിറ്റ് ബില്‍ നിയമമായതായി സ്പീക്കറുടെ ഔദ്യോഗിക പ്രഖ്യാപനം. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങിയ ബ്രിട്ടന്റെ നടപടി (ബ്രക്‌സിറ്റ്) നിയമമായി. ബില്‍ നിയമമായതായി അറിയിച്ചുള്ള സ്പീക്കറുടെ പ്രഖ്യാപനം വന്നതോടെ മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് ആണ് റദ്ദ് ചെയ്യപ്പെടുന്നത്.
1972ലാണ് ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കിക്കൊണ്ടുള്ള യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് നിലവില്‍ വന്നത്. പാര്‍ലമെന്റില്‍ ബ്രക്‌സിറ്റ് ബില്ലിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുകയും ബില്ലില്‍ എലിസബത്ത് രാജ്ഞി ഒപ്പുവയ്ക്കുകയും ചെയ്തതോടെയാണ് പുതിയ നിയമം പ്രാബല്യത്തിലായത്. 2019 മാര്‍ച്ച് 29നെ ബ്രക്‌സിറ്റ് ദിനമായി ആഘോഷിക്കാനുള്ള തീരുമാനത്തെയും ഉറപ്പിക്കുന്നതാണ് നിയമം. അന്നേദിവസമാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണമായും ബ്രിട്ടന്‍ വിട്ടുപോരുക.
2017 ജൂലൈയില്‍ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിച്ചതുമുതല്‍ ഇന്ന് വരെ 250 മണിക്കൂറിലധികം നീണ്ട വാഗ്വാദങ്ങളാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലിനെച്ചൊല്ലി ഉണ്ടായത്. കഴിഞ്ഞയാഴ്ച്ച പാര്‍ലമെന്റില്‍ പാസായപ്പോള്‍ തന്നെ ബ്രെക്‌സിറ്റിന്മേലുള്ള വിജയം ഭരണപക്ഷമായ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങള്‍ ആഘോഷമാക്കിത്തുടങ്ങിയിരുന്നു.
വടക്കന്‍ അയര്‍ലന്‍ഡിന്റെ അതിര്‍ത്തിയില്‍ പട്ടാളത്തെയും പോലീസിനെയും വിന്യസിക്കില്ല. ബ്രിട്ടനിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും പൗരന്മാര്‍ക്ക് പഴയപോലെ രണ്ടിടത്തേക്കും സ്വതന്ത്രസഞ്ചാരമാവാം. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടനിലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും താമസിക്കാനും തൊഴില്‍ചെയ്യാനും പഠിക്കാനുമുള്ള അവകാശം പഴയപോലെ നിലനില്‍ക്കും. യൂറോപ്യന്‍ യൂണിയനുമായുള്ള സാമ്പത്തികബാധ്യത ബ്രിട്ടന്‍ തീര്‍ക്കുമെന്നുമാണ് പ്രധാന വ്യവസ്ഥകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല