സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് അംഗീകാരം നല്‍കിയ സുപ്രീം കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന യാത്രവിലക്കിന് അംഗീകാരം നല്‍കിയ സുപ്രീംകോടതി വിധിയില്‍ ഇറാന്‍, ലിബിയ, സോമാലിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വിധിയ്‌ക്കെതിരെ ഇന്തോഅമേരിക്കന്‍ സാമൂഹിക സംഘടനകളളും ആശങ്ക പങ്കുവെച്ചു. ചൊവ്വാഴ്ച വിധി പുറപ്പെടുവിച്ച കോടതിക്കു മുന്നില്‍ നിരവധി പേര്‍ നിയമത്തിനെതിരെ പ്രതിഷേധവുമായും രംഗത്തെത്തി. ‘നിരോധനം വേണ്ട, മതിലും വേണ്ട’ എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് പലരും പ്രതിഷേധത്തില്‍ പങ്കെടുത്തത്.
നിരോധിത രാജ്യങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ സുപ്രീംകോടതി വിധിയില്‍ കടുത്ത പ്രതിഷേധത്തിലാണ്. 2017 ജനുവരിയില്‍ ട്രംപ് ഭരണകൂടം വിവാദ യാത്രവിലക്കിന് അംഗീകാരം നല്‍കിയപ്പോള്‍ ആശ്വാസകരമായ വിധിയാണ് പല കോടതികളില്‍നിന്നും ലഭിച്ചത്. അതിനാല്‍തന്നെ സുപ്രീംകോടതിയില്‍നിന്ന് കുടിയേറ്റവിരുദ്ധമായ വിധി കൂടുതല്‍ പേരും പ്രതീക്ഷിച്ചിരുന്നില്ല.
അതിനാല്‍തന്നെ ട്രംപിന് ഭരണമേറ്റ ശേഷം കോടതികളില്‍നിന്ന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് വിധി വിലയിരുത്തപ്പെട്ടത്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് കോടതി വിധിയെന്ന് ഇന്തോഅമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ പ്രമീള ജയപാല്‍ പറഞ്ഞു. സിഖ്അമേരിക്കന്‍ ലീഗല്‍ ഫണ്ട് ആന്‍ഡ് എജുക്കേഷന്‍ ഫണ്ട്, സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും വിധിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല