1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2018

സ്വന്തം ലേഖകന്‍: ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റനയത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗം പ്രമീളാ ജയപാല്‍ അറസ്റ്റില്‍. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപം പ്രതിഷേധസമരത്തില്‍ പങ്കെടുത്തതിനാണ് ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് അംഗം പ്രമീളാ ജയപാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ അല്‍പനേരത്തിനുശേഷം മോചിപ്പിച്ചു.

മറ്റ് 500ല്‍ അധികം വനിതകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലാവുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍നിന്നു വേര്‍തിരിക്കുകയും സെല്ലുകളില്‍ അടയ്ക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ നയത്തിനെതിരേയാണു വനിതകള്‍ പ്രതിഷേധിച്ചത്. സമരം തുടരുമെന്ന് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗമായ പ്രമീള പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരുടെ രണ്ടായിരത്തോളം കുട്ടികളെ വേര്‍പിരിച്ചു തടവിലാക്കിയ സംഭവത്തില്‍ ലോകമെങ്ങും വന്‍പ്രതിഷേധമുയര്‍ന്നിരുന്നു. വേര്‍പിരിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ തടവില്‍ സന്ദര്‍ശിച്ച ആദ്യ യുഎസ് കോണ്‍ഗ്രസ് അംഗവും പ്രമീളയായിരുന്നു. യുഎസ് ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ അമേരിക്കന്‍ വനിതയായ പ്രമീള ജയപാല്‍ ഈ വര്‍ഷം ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. വാഷിങ്ടന്‍ സംസ്ഥാനത്തുനിന്നു 2016ല്‍ ആണു തിരഞ്ഞെടുക്കപ്പെട്ടത്.

അതിനിടെ, മെക്‌സിക്കോ അതിര്‍ത്തിയില്‍ അധികൃതര്‍ നേരത്തേ വേര്‍പിരിച്ച ബ്രസീല്‍കാരി അമ്മയും ഒന്‍പതു വയസ്സുള്ള മകനും യുഎസ് കോടതി വിധിയെ തുടര്‍ന്ന് ഒന്നിച്ചതും വാര്‍ത്തയായി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.