1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2018

സ്വന്തം ലേഖകന്‍: താലിബാനെതിരെ ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഭീകരര്‍ക്കെതിരായ സൈനിക നടപടി തുടരുമെന്നും അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി വ്യക്തമാക്കി. സമാധാന ശ്രമങ്ങളോട് സഹകരിക്കണമോ അക്രമം തുടരണമോയെന്ന് ഇനി താലിബാന്‍ ഭീകരര്‍ക്ക് തീരുമാനിക്കാമെന്ന് അഷ്‌റഫ് ഘനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍ ജൂണ്‍ 12നാണ് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്.

രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ താലിബാന്‍ ഭീകരരുടെയും പിന്തുണ നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. തൊട്ടുപിന്നാലെ താലിബാന്‍ ഭീകരരും മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പിന്നീട് ഘനി സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പത്ത് ദിവസത്തേക്കുകൂടി നീട്ടി. എന്നാല്‍ വെടിനിര്‍ത്തല്‍ തുടരാന്‍ ഭീകരര്‍ തയ്യാറായില്ല. സൈന്യത്തിന് നേരെയുള്ള ആക്രമണം താലിബാന്‍ തുടര്‍ന്നു.

സര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ നീക്കത്തിന് അഫ്ഗാനിസ്താനിലെ സാധാരണ ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍, സമാധാന നീക്കങ്ങള്‍ തള്ളിക്കളയുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും താലിബാന്‍ നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനുള്ള ജനങ്ങളുടെ ആഗ്രഹം ഭീകരര്‍ മാനിക്കണമെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും പ്രസിഡന്റ് ഘനി ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. താലിബാന്‍ ഭീകരരെ കഴിഞ്ഞ ഫെബ്രുവരിയിലും അഫ്ഗാന്‍ പ്രസിഡന്റ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെങ്കിലും സമാധാന നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.