സ്വന്തം ലേഖകന്‍: പാരീസിലെ ജയിലില്‍ ഹോളിവുഡ് സ്‌റ്റൈല്‍ ജയില്‍ച്ചാട്ടം; കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ടത് ഹെലികോപ്റ്ററില്‍. റെഡോയിന്‍ ഫെയ്ഡ് എന്ന 46 കാരനാണ് ജയില്‍ തകര്‍ത്ത് ജയില്‍ മുറ്റത്ത് വന്ന ഹെലികോപ്റ്ററില്‍ ഞെട്ടിക്കുന്ന രക്ഷപ്പെടല്‍ നടത്തിയത്. പാരീസിലെ ജയിലധികൃതര്‍ റെഡോയിന്‍ ഫെയ്ഡിനായി രാജ്യം മുഴുവന്‍ വല വിരിച്ചിരിക്കുകയാണ്.
ഞായറാഴ്ചയാണ് റെഡോയിന്‍ ഫെയ്ഡ് പാരീസിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. സഹായികളായ മൂന്ന് പേരെ കൂട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കി ജയില്‍ ചാടുകയായിരുന്നു. 2013 ല്‍ മറ്റൊരു ജയിലില്‍ കഴിയവേയും ജയില്‍ തകര്‍ത്ത് ഫെയ്ഡ് രക്ഷപ്പെട്ടിരുന്നു. പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം ഇയാളെ കൊടുംക്രിമിനല്‍ പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു.
പണം കൊണ്ടുപോവുന്ന ബാങ്ക് വാഹനം തകര്‍ത്ത് മോഷണം നടത്തിയെന്നായിരുന്നു ഇയാള്‍ക്കെതിരേയുള്ള കുറ്റം. കോടതി 25 വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിരുന്നു. ബെല്‍ജിയം രജസ്‌ട്രേഷന്‍ ഹെലികോപ്റ്ററിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഹെലികോപ്റ്റര്‍ ജയില്‍ മുറ്റത്തത് ലാന്‍ഡ് ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നുവെങ്കിലും സുരക്ഷാ പ്രശ്‌നത്തിന്റെ പേരില്‍ വെടിവെച്ചിട്ടിരുന്നില്ല. സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുമ്പോഴേക്കും ഇവര്‍ രക്ഷപ്പെടുകയും ചെയ്തു.
ഫ്രഞ്ച് തലസ്ഥാനത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിന്നും ഹെലികോപ്റ്റര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും രക്ഷപ്പെട്ടയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റെഡോയിന്‍ ഫെയ്ഡിനായി രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളിലെല്ലാം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞുവെന്നും ശക്തമായ തിരച്ചില്‍ ആരംഭിച്ച് കഴിഞ്ഞതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല