സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധിച്ച് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കയറി കുടിയേറ്റക്കാരിയായ സ്ത്രീ. അമേരിക്കയിലെ പ്രശസ്തമായ സ്വാതന്ത്ര്യപ്രതിമയില്‍ കയറിയത് നാല്പത്തിനാലുകാരിയായ കുടിയേറ്റക്കാരി തെരേസ് പട്രീഷ്യ ഒകോമൗയാണ്.
സ്വാതന്ത്ര്യ പ്രതിമ സ്ഥിതിചെയ്യുന്ന ലിബര്‍ട്ടി ദ്വീപില്‍ നടന്ന ട്രംപ് വിരുദ്ധ പ്രതിഷേധത്തിനിടെയാണു സംഭവം. പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തില്‍ കയറിയ തെരേസിനെ മൂന്നര മണിക്കൂറിനു ശേഷമാണ് പോലീസിന് താഴെയിറക്കാനായത്.
ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റ് റിപബ്ലിക്ക് ഓഫ് കോംഗോയില്‍നിന്നുള്ള കുടിയേറ്റക്കാരിയായ തെരേസിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യപ്രതിമയ്ക്കു സമീപം പ്രതിഷേധം നടത്തിയ നിരവധിപ്പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഫ്രഞ്ച് ജനത അമേരിക്കന്‍ ജനതയ്ക്കു സമ്മാനമായി നല്കിയ സ്വാതന്ത്ര്യദേവിയുടെ പ്രതിമയുടെ ഉയരം 46 മീറ്ററാണ്. പീഠത്തിന്റെ ഉയരംകൂടി ചേര്‍ത്ത് 93 മീറ്റര്‍ വരും. ബര്‍ത്തോള്‍ഡി രൂപകല്പന ചെയ്ത് ഗുസ്താവ് ഈഫല്‍ നിര്‍മിച്ച പ്രതിമ 1886 ഒക്ടോബര്‍ 28നാണ് ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി ദ്വീപില്‍ സ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല