1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2018

സ്വന്തം ലേഖകന്‍: പാര്‍പ്പിട രേഖയില്ലാത്തവര്‍ക്ക് പാര്‍ക്കിംഗ് ഇല്ല; മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കാനൊരുങ്ങി അബുദാബി ഗതാഗത വകുപ്പ്. തലസ്ഥാനത്ത് ഓഗസ്റ്റ് 18 മുതല്‍ മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമാനുസൃതമല്ലാതെ താമസിക്കുന്നവര്‍ക്കു വാഹന പാര്‍ക്കിങ്ങിനുള്ള മവാഖിഫ് പെര്‍മിറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പാര്‍ക്കിംഗ് ഇതോടെ ദുഷ്‌ക്കരമാകും. പാര്‍പ്പിട രേഖകളില്ലാത്തവര്‍ക്കും വില്ല പെര്‍മിറ്റുള്ളവര്‍ക്കു മാത്രമായി 24 മണിക്കൂറും റിസര്‍വ് ചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം പിഴയും ചുമത്തും.

വില്ല പെര്‍മിറ്റുള്ളവര്‍ക്കു മാത്രം റിസര്‍വ് ചെയ്തിരിക്കുന്ന നഗരത്തിലെ ചില ഏരിയകളില്‍ മവാഖിഫ് മെഷീനുകളും സ്ഥാപിച്ചിട്ടില്ല. ഷെയറിങ് അടിസ്ഥാനത്തിലും മറ്റും താമസിക്കുന്നവര്‍ പാര്‍ക്കിങ് മെഷീനുള്ള ഭാഗത്തെ മെഷീനില്‍ പണമടച്ച് അവിടെത്തന്നെ വാഹനം പാര്‍ക്കു ചെയ്യേണ്ടതായും വരുന്നു. ഈ ഭാഗത്തു താമസിക്കുന്നവരുടെ ഭവനങ്ങളിലെത്തുന്ന അതിഥികള്‍ക്കും സന്ദര്‍ശകര്‍ക്കും വാഹനത്തില്‍ പിഴ ടിക്കറ്റ് ലഭിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്.

സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നിങ്ങനെ രണ്ടു തരത്തിലുള്ള പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളാണ് അബുദാബിയിലുള്ളത്. തുര്‍ക്കിഷ് (ഹരിതനീല)ബ്ലാക്ക് നിറത്തില്‍ കര്‍ബ് സ്റ്റോണില്‍ പെയിന്റടിച്ച് അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ മൂന്നു ദിര്‍ഹവും കറുപ്പും വെളുപ്പും നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ രണ്ടു ദിര്‍ഹവുമാണ് ഒരു മണിക്കൂര്‍ നേരത്തെ പാര്‍ക്കിങ് ഫീസായി അടയ്‌ക്കേണ്ടത്. ഒരു ദിവസത്തേക്ക് 15 ദിര്‍ഹമാണ്. വെള്ളിയാഴ്ചയും പൊതുഅവധി ദിവസങ്ങളിലും ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി 12 വരെയാണ് പാര്‍ക്കിങ് ഫീസ് നിര്‍ബന്ധം. എന്നാല്‍ വില്ല പെര്‍മിറ്റ് മാത്രമുള്ള ഏരിയകളില്‍ എല്ലാ ദിവസവും 24 മണിക്കൂറും മറ്റു വാഹനം പാര്‍ക്ക് ചെയ്യുന്നതു നിയമ ലംഘനമാണ്.

സാധുവായ റെസിഡന്‍സി വീസാ പേജിനൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, മുനിസിപ്പാലിറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത പാര്‍പ്പിട വാടകരേഖ അഥവാ തവ്തീഖ്, ഏറ്റവും പുതിയ വൈദ്യുതി ബില്‍, എമിറേറ്റ്‌സ് ഐഡിയുടെ കോപ്പി എന്നിവ ഹാജരാക്കിയാലേ താമസക്കാര്‍ക്കു മവാഖിഫ് പാര്‍ക്കിങ് പെര്‍മിറ്റ് ലഭിക്കൂ. വില്ലകളുടെ വാടക കരാറിനൊപ്പം തവ്തീഖ് റജിസ്റ്റര്‍ അപേക്ഷയില്‍ പേരു ചേര്‍ത്തിട്ടുള്ള ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുമാണ് വില്ല പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിക്കുക. വില്ലകള്‍ മാത്രമുള്ള അബുദാബിയിലെ അല്‍ ബത്തീന്‍, അല്‍ മുറൂര്‍ ഏരിയകളില്‍ വില്ല പെര്‍മിറ്റില്ലാത്തവര്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് മവാഖിഫ് അധികൃതരും മുന്നറിയിപ്പ് നല്‍കുന്നു.

വില്ലകളിലെ താമസക്കാര്‍ സ്വദേശികളാണെങ്കില്‍ അവരുടെ പാസ്‌പോര്‍ട്ടും വീടിന്റെ ഉടമസ്ഥാവകാശവും വാഹനത്തിന്റെ ഉടമസ്ഥാവകാശവും ബോധ്യപ്പെടുത്തിയാല്‍ സൗജന്യമായി വാഹന പാര്‍ക്കിങ്ങിനുള്ള മവാഖിഫ് പെര്‍മിറ്റ് ലഭിക്കും. വില്ലകളില്‍ വാടകയ്ക്കു താമസിക്കുന്ന സ്വദേശികള്‍ മവാഖിഫ് ആവശ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ സൗജന്യ പാര്‍ക്കിങ് പെര്‍മിറ്റ് ലഭിക്കും. എന്നാല്‍ വിദേശിക്ക് ആദ്യ വാഹനത്തിന് 800ഉം രണ്ടാമത്തെ വാഹനത്തിന് 1200 ദിര്‍ഹവുമാണ് റജിസ്‌ട്രേഷന് ഒരു വര്‍ഷത്തേക്കു നല്‍കേണ്ടത്. വില്ലയിലും അപാര്‍ട്‌മെന്റുകളിലും താമസിക്കുന്നവര്‍ക്ക് ഈ നിയമം വ്യത്യാസമില്ല. ആറു മാസത്തേക്കു പെര്‍മിറ്റ് എടുക്കാനും വിദേശികള്‍ക്കു സാധിക്കും. പെര്‍മിറ്റ് കാലാവധി കഴിഞ്ഞാല്‍ ഒരു മാസം ഗ്രേസ് പിരീഡ് ലഭിക്കും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.