സ്വന്തം ലേഖകന്‍: 15 വര്‍ഷത്തെ മോഷണ ജീവിതത്തില്‍ 380 രാജ്യാന്തര കവര്‍ച്ചകളിലായി 391 മില്യന്‍ ഡോളര്‍ സമ്പാദിച്ച കള്ളന്മാരുടെ സംഘം കുടുങ്ങി; കുടുക്കിയത് ഒരു തുള്ളി രക്തം! 15 വര്‍ഷമായി അന്വേഷകര്‍ക്ക് തൊടാന്‍ കഴിയാതിരുന്ന പിങ്ക് പാന്തര്‍ എന്നറിയപ്പെടുന്ന ലോകത്തെ ഏറ്റവും ശക്തരായ മോഷണ സംഘമാണ് ഒരു തുള്ളി രക്തം കാരണം കുടുങ്ങിയത്.
1999 മുതല്‍ 2015 വരെ വിവിധ രാജ്യങ്ങളില്‍നിന്ന് ആഭരണങ്ങളും ആഢംബര വാച്ചുകളും മറ്റു വിലകൂടിയ വസ്തുക്കളും മോഷ്ടിക്കുന്നതു പതിവാക്കിയ സംഘമാണ് പിങ്ക് പാന്തര്‍. ഫ്രാന്‍സിലെ ജ്വല്ലറികളില്‍ കവര്‍ച്ച ചെയ്തവര്‍ക്കായി 15 വര്‍ഷത്തിലേറെയായി വിവിധ ഏജന്‍സികള്‍ അന്വേഷണത്തിലായിരുന്നു. പിങ്ക് പാന്തര്‍ ആണ് മോഷണത്തിന് പിന്നിലെന്നു കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.
2003 സെപ്റ്റംബറില്‍ നടന്ന ഒരു ജ്വലറി കവര്‍ച്ചയുടെ അന്വേഷണമാണ് കള്ളന്മാരെ കുടുക്കുയത്. അന്ന് മോഷണ മുതലുമായി സംഘം രക്ഷപ്പെട്ടു. പൊലീസ് നാടൊട്ടുക്കും അന്വേഷിച്ചെങ്കിലും കൊള്ളക്കാരെ സഹായിച്ച ചില സെര്‍ബിയക്കാരെ അല്ലാതെ മോഷണസംഘത്തിന്റെ പൊടിപോലും കിട്ടിയില. 2013 വരെ മോഷ്ടാക്കളെപ്പറ്റി യാതൊരു സൂചനയോ തെളിവോ ലഭിക്കാതെ അന്വേഷകര്‍ ഇരുട്ടില്‍ തപ്പിക്കൊണ്ടിരുന്നു.
ഒടുവില്‍ ഫൊറന്‍സിക് അന്വേഷണത്തിനിടെ ജ്വല്ലറിയില്‍ തകര്‍ക്കപ്പെട്ട ചില്ലുകള്‍, കപ് ബോര്‍ഡ്, പെട്ടികള്‍ എന്നിവയ്ക്കിടയില്‍ നിന്ന് കൊള്ളക്കാരുടെ രക്തസാംപിളുകള്‍ ലഭിച്ചു. ഇതു ഡിഎന്‍എ പരിശോധന നടത്തി നാലംഗ സെര്‍ബിയക്കാരാണു മോഷ്ടാക്കളെന്ന് പൊലീസ് നിഗമനത്തിലെത്തി. ഇതില്‍ രണ്ടുപേരെ ഓസ്ട്രിയ വാണ്ടഡ് പട്ടികയില്‍ പെടുത്തിയതായി അറിഞ്ഞു.
വാണ്ടഡ് പട്ടികയിലുള്ള 41 വയസ്സുകാരായ ‘സിക’, ‘ബോക’ എന്നിവരുടെ രക്തസാംപിള്‍ ജ്വല്ലറി മോഷ്ടാക്കളുടേതിനു സമാനമാണെന്ന് ഉറപ്പിച്ചതോടെ കുരുക്കു മുറുകി. ഇവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയ പോലീസ് . ‘സാസ’ (37), ‘ലൂക്ക’ (48) എന്നിവരാണു കൂട്ടാളികള്‍ എന്നും കണ്ടെത്തി. ബെല്‍ഗ്രേഡില്‍നിന്ന് 150 കി.മീ അകലെ സെര്‍ബിയയിലെ വ്യവസായ നഗരമായ ഉസൈസ് സ്വദേശികളാണു നാലുപേരുമെന്നും പൊലീസ് വൈകാതെ മനസ്സിലാക്കി.
ഇവരെ തിരിച്ചറിഞ്ഞെങ്കിലും കുറ്റവാളികളെ കൈമാറാന്‍ ഫ്രാന്‍സും സെര്‍ബിയയും തമ്മില്‍ കരാറില്ലാത്തത് അറസ്റ്റ് വൈകിപ്പിച്ചു. ഒടുവില്‍ സെര്‍ബിയയിലെ പ്രോസിക്യൂട്ടര്‍ക്കു മുമ്പാകെ ഹാജരാകണമെന്ന് പ്രതികളെന്ന് സംശയിക്കുന്ന നാലുപേരോടും ഫ്രഞ്ച് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ നവംബറില്‍ ഇവര്‍ കോടതിയില്‍ ഹാജരായി കുറ്റം നിഷേധിക്കുകയും കേസില്‍ നിന്ന് തലയൂരുകയും ചെയ്തു.
എന്നാല്‍, വിചാരണ കഴിഞ്ഞു ദിവസങ്ങള്‍ക്കകം കാര്‍ അപകടവുമായി ബന്ധപ്പെട്ട് ബോക ജയിലിലായി. 2014ല്‍ ഹാംബര്‍ഗ് ജ്വല്ലറിയില്‍നിന്ന് 9.50 ലക്ഷം യൂറോയുടെ വാച്ചുകള്‍ മോഷ്ടിച്ച കേസില്‍ മറ്റുള്ളവരും അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുപേര്‍ക്കും അഞ്ചു വര്‍ഷം വീതം ജയില്‍ശിക്ഷ കിട്ടി. ബെല്‍ഫോര്‍ട്ട് മോഷണക്കേസ് പ്രതികള്‍ ഇവരാണെന്നു രക്തപരിശോധനയിലൂടെ ഉറപ്പായതോടെ നയതന്ത്ര തടസ്സങ്ങള്‍ ഒഴിവാക്കി ഫ്രാന്‍സും സെര്‍ബിയയും പ്രതികളെ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല