1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2018

സ്വന്തം ലേഖകന്‍: രണ്ട് ഗര്‍ഭിണികളടക്കം നാല്‍പത് അഭയാര്‍ഥികളുമായി മെഡറ്ററേനിയന്‍ തീരത്ത് അലഞ്ഞ് അഭയാര്‍ഥി കപ്പല്‍; അനുമതി നിഷേധിച്ചത് നാലു രാജ്യങ്ങള്‍. തുനീസിയന്‍ തീരത്തുനിന്ന് നാലുകിലോ മീറ്റര്‍ ദൂരെയാണ് സറോസ്റ്റ് 5 എന്ന കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നതെന്ന് കപ്പലിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഐമന്‍ ക്വുരാരി പറയുന്നു. മാള്‍ട്ട, ഫ്രാന്‍സ്, ഇറ്റലി, തുനീസിയ എന്നീ രാജ്യങ്ങളാണ് കപ്പലിന് തീരത്തടുക്കാനുള്ള അനുമതി നിഷേധിച്ചത്.

അഭയാര്‍ഥികളും 14 ജീവനക്കാരും കപ്പലിലുണ്ട്. മൂന്നോ നാലോ ദിവസം കഴിയുന്നതിനുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈവശമുള്ളതെന്നും ക്വുരാരി പറയുന്നു. ലിബിയയില്‍നിന്നെത്തിയ ഇവരെ ഈമാസം 13നാണ് തുനീസിയന്‍ കപ്പല്‍ മറ്റൊരു മരബോട്ടില്‍നിന്ന് രക്ഷിച്ചത്. മെഡിറ്ററേനിയന്‍ കടല്‍ കടക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

പ്ലാസ്റ്റിക് ഷീറ്റിനാല്‍ നിര്‍മിച്ച ബെഡില്‍ ഇവര്‍ കിടക്കുന്നതിന്റെയും വിശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരെങ്കിലും സഹായിക്കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് ഇരുപത്തിമൂന്നുകാരിയായ അലിഗ്വോ ഗിഫ്റ്റ് സഹായമഭ്യര്‍ഥിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. സഹായമഭ്യര്‍ഥിച്ചെത്തിയതു കൊണ്ട് ഒട്ടേറെ രാജ്യങ്ങള്‍ ഞങ്ങളെ കയ്യൊഴിഞ്ഞു. ഈ യാത്ര അത്ര എളുപ്പമുള്ള ഒന്നല്ല. നിങ്ങളുടെ സഹായം ഞങ്ങള്‍ക്കുണ്ടായേ തീരൂ – അലിഗ്വോ പറയുന്നു.

കഴിക്കാനുള്ള ആഹാരം പോലും കപ്പലില്‍ ശേഷിക്കുന്നില്ല. ഒരു ബ്രെഡും മുട്ടയും മാത്രമാണ് ഒരു ദിവസം ഞങ്ങള്‍ കഴിക്കുന്നത്. നിലത്ത് പ്ലാസ്റ്റിക് വിരിച്ചാണ് കിടക്കുന്നത്. കുളിക്കുന്നതിന് സോപ്പാ പല്ലുതേയ്ക്കുന്നതിന് ബ്രഷോ പോലും ഇല്ല. കപ്പല്‍ ജീവനക്കാര്‍ ഞങ്ങളെ സഹായിക്കുന്നതിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് അഭയാര്‍ഥികളിലൊരാള്‍ പറയുന്നു. നാല്‍പതുപേരില്‍ ഒന്‍പതുപേര്‍ ബംഗ്ലദേശില്‍നിന്നുള്ളവരാണ്.

ദക്ഷിണ കാമറൂണ്‍ നിവാസികളാണ് കപ്പലിലുള്ള ഗര്‍ഭിണികള്‍. ഒരാള്‍ അഞ്ചുമാസവും മറ്റേയാള്‍ രണ്ടുമാസവും ഗര്‍ഭിണിയാണ്. ബുധനാഴ്ച കപ്പല്‍ സന്ദര്‍ശിച്ച റെഡ് ക്രെസന്റ് അവരുടെ സ്ഥിതിയെ ആരോഗ്യപരമായ പ്രതിസന്ധിയെന്നാണു വിശേഷിപ്പിച്ചത്. അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം എത്രയും വേഗം എത്തക്കണമെന്നും കരയ്ക്കടുക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അഭയാര്‍ഥികളായവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായതിനാല്‍ അടിയന്തിര വൈദ്യസഹായമാണ് അവര്‍ക്കിപ്പോള്‍ ആവശ്യമെന്നും റെഡ് ക്രെസന്റ് വൃത്തങ്ങള്‍ അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.