സ്വന്തം ലേഖകന്‍: കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി കാക്കനാട് പടമുകളിലെ വീട്ടില്‍ ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. മക്കളായ ഡോ. ശോഭയുടെയും ഭര്‍ത്താവ് ഡോ. ജോര്‍ജിന്റെയും പരിചരണത്തിലായിരുന്നു ചെമ്മനം ചാക്കോ.
1926 മാര്‍ച്ച് 7ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ ജനിച്ചത്. കുടുംബ പേരാണ് ചെമ്മനം. പിതാവ് യോഹന്നാന് കത്തനാര് വൈദികനായിരുന്നു. പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, ആലുവ യു.സി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി.
അതിന് ശേഷം പിറവം സെന്റ്. ജോസഫ്സ് ഹൈസ്കൂള്‍, പാളയംകോട്ട സെന്റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി നോക്കി. 1968 മുതല്‍ 86 വരെ കേരളസര്‍വകലാശാലയില്‍ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടറായും ജോലി നോക്കി.
1940കളിലാണ് സാഹിത്യ ജീവിതത്തിന് തുടക്കം കുറിച്ചത്. 1946ല്‍ ചക്രവാളം മാസികയില്‍ ‘പ്രവചനം ‘എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. 47ല്‍ വിളംബരം എന്ന കവിതാസമാഹാരം പുറത്തിറക്കി. 1965ല്‍ പ്രസിദ്ധീകരിച്ച ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ എന്ന കവിതയിലുടെയാണ് ചെമ്മനം ചാക്കോ വിമര്‍ശഹാസ്യത്തിലേക്ക് തിരിഞ്ഞത്.
1967ല്‍ കനകാക്ഷരങ്ങള്‍ എന്ന വിമര്‍ശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഇരുപത്തിരണ്ടോളം കവിതാഗ്രന്ഥങ്ങലും ബാലസാഹിത്യ കവിതകളും കഥകളും രചിച്ചിട്ടുണ്ട്. ഇതോടൊപ്പം വിമര്‍ശനഹാസ്യ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. തോമസ് വയസ് 28 എന്ന ചെറുകഥാസമാഹാരവും പുറത്തിറക്കി. ഹാസ്യസാഹിത്യ അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ കവിതാ അവാര്‍ഡ്, സഞ്ജയന് പുസ്കാരം, കുഞ്ചന്‍ നമ്ബ്യാര്‍ സ്മാരക പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല