1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2018

സ്വന്തം ലേഖകന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു; പ്രതിഷേധം ശക്തമാക്കാന്‍ സമരസമിതി; അഞ്ച് സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കും. 8 മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.

മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്ന നിലപാടിലാണ് അന്വേഷണസംഘം. ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ബലാല്‍സംഗ കുറ്റം നിഷേധിച്ച ബിഷപ്പ് മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നിന്നുവെന്നാണ് അന്വഷണ സംഘം നല്‍കുന്ന സൂചന.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സമരസമിതി. ഇതിന്റെ ഭാഗമായി ദിവസവും അഞ്ചു സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കാനാണ് തീരുമാനം. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്നതിലൂടെ നീതി തേടി തെരുവിലിറങ്ങാന്‍ സര്‍ക്കാര്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയാണെന്നു സമരസമിതി ആരോപിച്ചു. തുടര്‍ച്ചയായി രണ്ടുദിവസം ചോദ്യം ചെയ്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വിട്ടതിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തിയാണു സമരക്കാര്‍ പ്രതിഷേധിച്ചത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ചയും തുടരും. ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച കൊണ്ടുപൂര്‍ത്തിയാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ വൈകിട്ട് 7 വരെ നീണ്ടിട്ടും അത് പൂര്‍ത്തിയാക്കാനായില്ലെന്ന് കോട്ടയം എസ്.പി. ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് നടത്തിയ ചോദ്യം ചെയ്യലിലെ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി.

അതിനിടെ സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ വത്തിക്കാന്‍ അംഗീകരിച്ചു. മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല. എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം ബിഷപ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി അറിയിച്ചു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.