സ്വന്തം ലേഖകന്‍: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീം കോടതി; വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതായി ചീഫ് ജസ്റ്റിസ്. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമാണ്.
ശബരിമലയിലെ ആചാരം സ്ത്രീകളുടെ അവകാശം ലംഘിക്കുന്നതാണ്. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാ ലംഘനമാണ്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടത്. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിലാണ്. ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.
അഞ്ചംഗ ഭരണഘടനാ !ബെഞ്ചിലെ നാലു ജഡ്ജിമാര്‍ ഒരേ അഭിപ്രായം കുറിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റണ്‍ നരിമാന്, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്പ്പെടുന്നതാണ്ബെ ഞ്ച്. ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം സംരക്ഷണമുണ്ട്. വേര്‍തിരിച്ചുള്ള രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണേണ്ടതുണ്ട്.
ഇത്തരത്തില്‍ നോക്കിയാല്‍ അയ്യപ്പന്മാരെ ഒരു പ്രത്യേക മതവിഭാഗമായി വീക്ഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നിരീക്ഷിച്ചു. ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ, രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുതെന്ന് അവര്‍ തന്റെ വിധിയില്‍ വ്യക്തമാക്കി. ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്. വ്യക്തിവിശ്വാസത്തിന്റെ വിഷയമാണിത്. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ മണ്ണാണ് ഇന്ത്യ. ബഹുസ്വരതയാര്‍ന്ന സമൂഹത്തില്‍ വിവേകമുള്‍ക്കൊള്ളാത്ത വിശ്വാസങ്ങള്‍ പോലും പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ് നീതിയുക്തമായി ഭരണഘടന നല്‍കേണ്ടതെന്നും അവര്‍ വിധിന്യായത്തില്‍ കുറിച്ചു.
പത്തിനും അന്പതിനുമിടയില് പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ചട്ടമാണ് ഭരണഘടനാബെഞ്ച് റദ്ദാക്കിയത്. അഞ്ചംഗബഞ്ചിലെ നാല് ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ചു. പ്രതിഷ്ഠയ്ക്കും ആരാധനാലയത്തിനും ഭരണഘടനാസംരക്ഷണമുണ്ടെന്നും മതവിശ്വാസത്തില്‍ യുക്തി കൊണ്ടുവരരരുതെന്നും ചൂണ്ടിക്കാട്ടിയാണ് ജസറ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ച് വിധി പറഞ്ഞത്. ശബരിമലയില്‍ പ്രായം നോക്കാതെ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എട്ടുദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല