സ്വന്തം ലേഖകന്‍: ദസറ ആഘോഷത്തിനിടെ ശവപ്പറമ്പായി റയില്‍പ്പാളം; ദുരൂഹത വിട്ടൊഴിയാതെ അമൃത്സര്‍ അപകടം; സംഘാടകര്‍ ഒളിവില്‍. പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം കൂടാന്‍ സാധ്യത. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 61 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. പരുക്കേറ്റ 70 പേരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റവരെ അമൃത്‌സറിലെ ഗുരു നാനാക്ക് ദേവ് ആശുപത്രിയില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സന്ദര്‍ശിച്ചു. ഒന്‍പതു പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അമൃത്‌സറിനടുത്ത് ജോദ ഫടക്ക് മേഖലയില്‍ ‘ധോബി ഘാട്ട്’ മൈതാനത്തിനു സമീപത്തെ ട്രാക്കില്‍ വെള്ളിയാഴ്ച രാത്രി ഏഴേകാലോടെയായിരുന്നു ട്രെയിന്‍ ദുരന്തം. ദസറ ആഘോഷത്തിനിടെ ‘രാവണ ദഹനം’ നടക്കുമ്പോള്‍ സമീപത്തെ റെയില്‍പാളത്തില്‍ നിന്നവരാണ് ജലന്തറില്‍ നിന്ന് അമൃത്‌സറിലേക്കു പോവുകയായിരുന്ന ട്രെയിനിടിച്ചു മരിച്ചത്.
മുന്നൂറോളം പേര്‍ ട്രാക്കിലുണ്ടായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.അതേസമയം, ആരോപണവിധേയരായ സംഘാടകര്‍ – പ്രാദേശിക കൗണ്‍സിലര്‍ വിജയ് മദന്‍, മകന്‍ സൗരഭ് മദന്‍ മിതു എന്നിവരെ കാണ്മാനില്ലെന്നും സൂചനയുണ്ട്. ശനിയാഴ്ച ഇവരുടെ വീടിനുനേരെ ജനക്കൂട്ടത്തിന്റെ പ്രതിഷേധമുണ്ടായിരുന്നു. ആക്രമണത്തില്‍ ജനാലകള്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന് പൊലീസിനെ മേഖലയില്‍ വിന്യസിക്കേണ്ടി വന്നു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അജ്ഞാതരായ ആളുകള്‍ക്കെതിരെയാണെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല