സ്വന്തം ലേഖകന്‍: ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു; ശിക്ഷാ നടപടി അംഗീകരിക്കുന്നുവെന്ന് പി.കെ ശശി. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയെ ആറു മാസത്തേക്ക് സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് അച്ചടക്കനടപടി.
ശശിയുടെ വിശദീകരണം ചര്‍ച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. നിലവില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.കെ.ശശി.
ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ.ബാലന്‍പി.കെ.ശ്രീമതി കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പി.കെ.ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും പി.കെ.ശശി പാര്‍ട്ടി ജാഥ നയിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അന്നത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശുപാര്‍ശ സമര്‍പ്പിക്കാതെ നീട്ടുകയായിരുന്നു.
പാര്‍ട്ടി നടപടി അംഗീകരിക്കുന്നതായി പി.കെ. ശശി എംഎല്‍എ പ്രതികരിച്ചു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ തനിക്ക് പാര്‍ട്ടി ജീവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല