1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2018

സ്വന്തം ലേഖകന്‍: രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ കമ്പനികളുടെ ഓഫര്‍ പെരുമഴയ്ക്ക് തിരിച്ചടി. അമിതമായ വിലക്കിഴിവ് നല്‍കിയുള്ള വില്‍പനക്ക് തടയിടുന്ന രീതിയില്‍ നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ നിയമം നടപ്പിലാക്കും.

ഇ കൊമേഴ്‌സ് മേഖലയിലെ വിദേശ നിക്ഷേപ ചട്ടത്തിലാണ് ഭേദഗതി. നിശ്ചിത പരിധിയില്‍ കൂടുതല്‍ ഡിസ്‌കൌണ്ടുകള്‍ നല്‍കുക, ചില ഉപഭോക്താക്കള്‍ക്ക് മാത്രമായി ഡിസ്‌കൌണ്ട് നല്‍കല്‍ തുടങ്ങിയവക്കാണ് നിരോധമേര്‍പ്പെടുത്തുക. രാജ്യത്ത് നിര്‍മാണവും ഉത്പന്നങ്ങളുടെ സമ്പാദനവും നടത്തുന്ന കമ്പനികള്‍ തങ്ങളുടെ ഇ കൊമേഴ്‌സ് കമ്പനികളുടെ പ്ലാറ്റ്‌ഫോം വഴി അവ വിറ്റഴിക്കുന്നതും തടയും. ഓണ്‍ലൈന്‍ കമ്പനികളുടെ വമ്പിച്ച വിലക്കിഴിവ്, ക്യാഷ് ബാക്ക്, എക്‌സ്‌ക്ലൂസീവ് സെയില്‍ തുടങ്ങിയവയെ നിയന്ത്രണം പ്രതികൂലമായി ബാധിക്കും.

പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുമ്പോഴും മറ്റും തെരഞ്ഞെടുത്തവര്‍ക്ക് മാത്രം വിലക്കിഴിവ് നല്‍കുന്ന രീതിയും അവസാനിപ്പിക്കേണ്ടി വരും. 2019 ഫെബ്രുവരി ഒന്ന് മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാവുക. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവരുടെ ഓണ്‍ലൈന്‍ കച്ചവടം തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നുവെന്ന പരാതികള്‍ കൂടി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.