സ്വന്തം ലേഖകന്‍: കോടാലി ഉപയോഗിച്ച് വെട്ടി; തൊട്ടടുത്തു നിന്ന് വെടിയുതിര്‍ത്തു; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിയുപയോഗിച്ച് അടിച്ചു; ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെടുന്നതിന് മുമ്പ് കല്ലുകള്‍, വടികള്‍, കോടാലി എന്നിവ കൊണ്ട് അക്രമിക്കപ്പെട്ടതായാണ് വെളിപ്പെടുത്തല്‍. സുബോധ് കുമാര്‍ വെടിയേറ്റു മരിച്ച സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടത്.
പ്രശാന്ത് നട്ട് എന്നയാളാണ് കേസിലെ പ്രധാന പ്രതി. വ്യാഴാഴ്ച ഗ്രേറ്റര്‍ നോയ്ഡയില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. സുബോധ് കുമാറിനെ വെടിവച്ചതായി ഇയാള്‍ സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. ആറുമാസം മുന്‍പു വരെ ഡല്‍ഹിയില്‍ ഒല ടാക്‌സി ഡ്രൈവറായിരുന്നു പ്രശാന്ത് നട്ട്.
വനത്തിനുസമീപം പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ശമിപ്പിക്കുന്നതിനായാണു പൊലീസ് സംഘം ബുലന്ദ്ഷഹറില്‍ എത്തുന്നത്. എന്നാല്‍ സുബോധ് കുമാറിനെതിരെ അവിടെയുണ്ടായിരുന്ന ആള്‍കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. 400ന് അടുത്ത് വരുന്ന ആള്‍കൂട്ടം കല്ലുപയോഗിച്ചു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് 20 മീറ്റര്‍ മാത്രം അകലെയുണ്ടായ സംഘര്‍ഷത്തിനുശേഷം ബജ്‌റംഗ്ദള്‍ നേതാവായ യോഗേഷ് രാജ് ഒളിവില്‍പ്പോയിരിക്കുകയാണ്. ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിച്ച സംഭവത്തില്‍ കലുവ എന്നയാളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചപ്പോള്‍ കലുവ, കോടാലി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. വിരല്‍ മുറിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ ഇയാളെ അടുത്തുള്ള വയലിലേക്കു വലിച്ചിഴച്ചു. ശേഷം പ്രശാന്ത് നട്ട് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സുബോധ് കുമാര്‍ സിങ്ങിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആള്‍ക്കൂട്ടം വടിയുപയോഗിച്ച് ഇന്‍സ്‌പെക്ടറെ അടിക്കുന്നതു തുടര്‍ന്നു. സുബോധ് കുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ജീപ്പില്‍ കയറ്റിയെങ്കിലും വാഹനത്തിനു നേരെയും കല്ലേറുണ്ടായി. ഇതേ തുടര്‍ന്നു മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. ആള്‍ക്കൂട്ടം വാഹനത്തിനു തീ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം തിരികെയെത്തി സുബോധ് കുമാറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സുബോധ് കുമാറിന്റെ ഇടത്തേ പുരികത്തിന്റെ മുകളിലാണു വെടിയേറ്റതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കയ്യിലും കാലിലുമായി നിരവധി പരുക്കുകളും കണ്ടെത്തി. 27 പേരെ പ്രതികളാക്കിയാണു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയതത്. സംഭവത്തില്‍ പിടിയിലായ സൈനികോദ്യോഗസ്ഥനുള്‍പ്പെടെ ഇതില്‍പെടുമെങ്കിലും പ്രശാന്ത് നട്ടിന്റെ പേര് എഫ്‌ഐആറില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രശാന്ത് കേസിലെ മുഖ്യപ്രതിയാണെന്നു വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ വ്യക്തമായ കാര്യമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല