സ്വന്തം ലേഖകന്‍: ‘കന്യകാത്വം അമൂല്യനിധിയല്ല, ഭര്‍ത്താവിന് വേണ്ടി സൂക്ഷിച്ച് വയ്‌ക്കേണ്ട,’ നടി കല്‍ക്കി കേക്ക്‌ലാന്‍. കന്യകാത്വം നിധിപോലെ കാക്കേണ്ട ഒരു കാര്യമല്ലെന്നും, ഭര്‍ത്താവിന് വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും ബോളിവുഡ് നടി കല്‍ക്കി കേക്ക്‌ലാന്‍. ലൈംഗിക ബന്ധത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെ കുറിച്ചും തുറന്നുപറച്ചിലുകള്‍ ആവശ്യമാണെന്നും, അക്കാര്യങ്ങള്‍ ഒളിച്ചു വെക്കേണ്ടതില്ലെന്നും, ലൈംഗിക ചൂഷണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും കല്‍ക്കി പറഞ്ഞു.
സ്ത്രീകളെയും പുരുഷന്മാരെയും ഈ കാര്യത്തില്‍ ആത്മവിശ്വാസമുള്ളവരാക്കേണ്ടതുണ്ടെന്നും കല്‍ക്കി പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍ ‘മീ ടൂ’പ്രസ്ഥാനത്തെകുറിച്ചും ലൈംഗികതയെ കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും കല്‍ക്കി സംസാരിച്ചു.
‘നോ എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ മിക്ക പുരുഷന്മാരും കരുതുന്നത് അത് സംസാരം തുടങ്ങാനുള്ള ഒരു ഉപാധിയാണെന്നാണ്. നമ്മള്‍ക്ക് അങ്ങനെയൊരു സംസ്‌കാരമാണ് ഉള്ളത്. നോ പറഞ്ഞു കഴിഞ്ഞാലും പുരുഷന്മാര്‍ അവളെ വിടില്ല. നോ പറഞ്ഞു അവള്‍ തളരുമെന്നും, ഒടുവില്‍ അവള്‍ സമ്മതിക്കുമെന്നും അവര്‍ കരുതുന്നു. അങ്ങനെ ‘നോ’, ‘യെസ്’ ആകുന്നത് വരെ അവര്‍ ശ്രമം തുടരുന്നു. ഇതിനെ നമ്മള്‍ തിരിച്ചറിയണം,’ കല്‍ക്കി പറഞ്ഞു.
വേണ്ട സമയത്ത് ‘നോ’എന്ന് പറയാന്‍ പെണ്‍കുട്ടികളെയും ‘നോ’ എന്ന് പറഞ്ഞാല്‍ അതിനു വേറൊരു അര്‍ത്ഥമില്ലെന്ന് ആണ്‍കുട്ടികളെയും നമ്മള്‍ പഠിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ അതേസമയം തന്നെ അവര്‍ക്ക് സമ്മതമാണെങ്കില്‍ ‘യെസ്’ എന്ന് തന്നെ പറയാനും നമ്മള്‍ പെണ്‍കുട്ടികളെ പഠിക്കണമെന്നും കല്‍ക്കി കൂട്ടിച്ചേര്‍ത്തു.
‘സെക്‌സ് എന്നാല്‍ മോശമാണെന്നും വിശുദ്ധമാണെന്നുമൊന്നും നമ്മള്‍ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ല. കന്യകാത്വം എന്തോ നിധിയാണെന്നും നമ്മള്‍ അവരെ പഠിപ്പിക്കേണ്ടതില്ല. സെക്‌സ് ചീത്തയാണെന്ന് നമ്മള്‍ കുട്ടികളോട് പറയുമ്പോള്‍ അതെന്തോ നിഗൂഢമായ ഒരു സംഭവമാണെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അത് വിശുദ്ധമാണെന്നു നിങ്ങള്‍ പറയുമ്പോള്‍ അതില്‍ അധികാരത്തിന്റെ ഘടകം കടന്നുവരുന്നു,’ കല്‍ക്കി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല