സ്വന്തം ലേഖകന്‍: ഹര്‍ത്താല്‍ അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1286; അറസ്റ്റ് 3493: പ്രതിപ്പട്ടികയില്‍ 37,979 പേര്‍; സംസ്ഥാനത്ത് അതീവ ജാഗ്രത തുടരും; സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തൊട്ടാകെ ജാഗ്രത തുടരുമെന്നും കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ തടയാന്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന അടൂരിലും തലശ്ശേരിയിലും കൂടുതല്‍ പോലീസിനെ നിയോഗിച്ചു. അറസ്റ്റിലായ 2795 പേര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ 487 പേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
ഏറ്റവും അധികം കേസുകളും രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂരില്‍ നിന്നാണ്. 169 കേസുകളിലായി 230 പേരെയാണ് കണ്ണൂരില്‍ മാത്രമായി അറസ്റ്റിലായത്. ഏറ്റവും അധികം അറസ്റ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് പാലക്കാട് നിന്നാണ്. 166 കേസുകളിലായി 298 പേരെയാണ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.
അതിനിടെ ക്രമസമാധാനനില സംബന്ധിച്ച് ഗവര്‍ണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും ഗവര്‍ണര്‍ കേന്ദ്രത്തിന് രേഖാമൂലം വിശദമായ മറുപടി നല്‍കുക. വര്‍ണര്‍ ഇതുസംബന്ധിച്ച് ശനിയാഴ്ച തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ ഫോണില്‍ വിവരം ധരിപ്പിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഹര്‍ത്താല്‍ ദിനത്തിലും പിന്നീടുള്ള ദിവസങ്ങളിലും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ത്തുകൊണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് അക്രമത്തെത്തുടര്‍ന്ന് 100 ബസ്സുകളാണ് രണ്ട് ദിവസത്തിനിടെ തകര്‍ക്കപ്പെട്ടതെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞിരുന്നു. അക്രമത്തെത്തുടര്‍ന്ന് കോര്‍പ്പറേഷനുണ്ടായ നഷ്ടം 3.35 കോടിരൂപയാണ്. ബസുകള്‍ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കുമെന്ന് തച്ചങ്കരി പറഞ്ഞിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസിന് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം അക്രമികളെ പിടികൂടാന്‍ പൊലീസ് ബ്രോക്കന്‍ വിന്‍ഡോ എന്ന പേരില്‍ പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. ഇത് പ്രകാരം സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ ആയുധങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി പരിശോധന നടത്തും.
ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും. കുറ്റക്കാരെ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയ്യാറാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യും.
സാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ ക്യാമ്പയിന്‍, ഹെയ്റ്റ് ക്യാമ്പയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല