1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2019

സ്വന്തം ലേഖകന്‍: ഇന്ന് മകരവിളക്ക്; ഭക്തിസാന്ദ്രമായ സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷ; മകരജ്യോതി ദര്‍ശനത്തിന് പമ്പയിലും സൗകര്യങ്ങള്‍ ഒരുക്കും. ശബരിമലയില്‍ മകരവിളക്ക് ഉത്സവം ഇന്ന് നടക്കും. രാത്രി 7.52 നാണ് മകരസംക്രമ പൂജ. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ സംക്രമ പൂജ സമയത്ത് അഭിഷേകം ചെയ്യും.

12 ന് പന്തളത്ത് നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്രയ്ക്ക് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ദീപാരാധയ്ക്ക് തൊട്ടു മുന്‍പായി തിരുവാഭരണ പേടകം പതിനെട്ടാം പടി കയറും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിയുക.

സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടര്‍ പി.ബി നൂഹും പമ്പയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഹില്‍ടോപ്പില്‍ നിയന്ത്രണം ഉള്ളതിനാല്‍ പമ്പയിലെ വിവിധയിടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. പമ്പയില്‍ 40,000 ത്തോളം പേര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തുമെന്നാണ് പൊലീസിന്റെ കണക്ക്.

ചെറിയാനവട്ടത്ത് കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തില്‍ ഇതുവഴി കടന്നുപോകുന്നതിന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മകരജ്യോതി ദര്‍ശനത്തിന് പമ്പയിലെ വിവിധയിടങ്ങളില്‍ പരമാവധി സൗകര്യം ഒരുക്കുമെന്ന് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഡിഐജി സേതുരാമന്‍ പറഞ്ഞു. മകരജ്യോതി ദര്‍ശനത്തിന് പമ്പ ഹില്‍ടോപ്പില്‍ കയറുന്നതിന് വിലക്കുണ്ട്. അപകടസാധ്യത കണക്കിലെടുത്താണ് ഹൈക്കോടതി നിരീക്ഷണ സമിതി ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.