സ്വന്തം ലേഖകന്‍: ദുബായ് ഹെല്‍ത്ത് ഫോറം; കേരളത്തിലെ ആരോഗ്യ മേഖലയുമായി കൈകോര്‍ക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം. ദുബായ് ഹെല്‍ത്ത് ഫോറത്തില്‍ കേരളവുമായി ആരോഗ്യരംഗത്ത് കൂടുതല്‍ മേഖലകളില്‍ സഹകരിക്കാന്‍ യുഎഇ. ഇതിന്റെ ഭാഗമായി താമസിയാതെ മന്ത്രിതലസംഘം കേരളം സന്ദര്‍ശിക്കാനെത്തും.
ദുബൈയില്‍ സമാപിച്ച രണ്ടു ദിവസത്തെ ദുബൈ ഹെല്‍ത്ത് ഫോറത്തിലാണ് സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. കേരളത്തെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ഫോറത്തില്‍ പങ്കെടുത്തു.
നിപ വൈറസിനെ പ്രതിരോധിച്ചും പ്രളയകാലത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ശ്രദ്ധേയമായ കേരളത്തിന്റെ നടപടികളെക്കുറിച്ച് വിശദീകരിക്കാനാണ് ഹെല്‍ത്ത് ഫോറത്തിലേക്ക് മന്ത്രി ശൈലജയെ ക്ഷണിച്ചത്. നിപയെയും പ്രളയത്തെയും കേരളം ഒറ്റക്കെട്ടായി നേരിട്ട കാര്യം മന്ത്രി ശൈലജ വിശദീകരിച്ചു. നിപ രോഗനിര്‍ണയം നടത്തുന്നതിലും അത് പടരുന്നത് തടയുന്നതിലും സര്‍ക്കാര്‍ സാധ്യമായ എല്ലാമാര്‍ഗങ്ങളും സ്വീകരിച്ചതായും അവര്‍ പറഞ്ഞു.
നേരത്തെ യുഎഇ ആരോഗ്യമന്ത്രി അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിയുമായും മന്ത്രി ശൈലജ ചര്‍ച്ച നടത്തിയിരുന്നു. പരസ്പരം സഹകരിക്കാവുന്ന നിരവധി മേഖലകളുണ്ടെന്നും തുടര്‍ചര്‍ച്ചകള്‍ക്കായി താമസിയാതെ കേരളം സന്ദര്‍ശിക്കുമെന്നും യുഎഇ മന്ത്രി പറഞ്ഞതായി കെ.കെ. ശൈലജ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല