1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2019

സ്വന്തം ലേഖകന്‍: പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കാന്‍ ശുപാര്‍ശ; അധ്യാപകരാകാന്‍ ബിരുദം അടിസ്ഥാന യോഗ്യതയാകണം; മൂന്നു വയസ്സു മുതല്‍ സ്‌കൂള്‍ പ്രവേശനംവരെ കുട്ടികള്‍ക്ക് പ്രീസ്‌കൂളിങ്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.

സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് നിര്‍ദേശം. നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കാനാണ് ശുപാര്‍ശ. ഡോ. എം.എ. ഖാദര്‍ ചെയര്‍മാനായുള്ള സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ അധ്യാപകരുടെ യോഗ്യതകളും ഉയര്‍ത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. പ്രൈമറി തലത്തില്‍ ബിരുദം അടിസ്ഥാന യോഗ്യതയാകണം. ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയും നിര്‍ബന്ധമാക്കണം. സെക്കന്‍ഡറി തലത്തില്‍ ബിരുദാന്തര ബിരുദമാകണം അടിസ്ഥാന യോഗ്യത. പ്രൊഫഷണല്‍ യോഗ്യത ബിരുദ നിലവാരത്തിലുള്ളതാകണം.

പ്രീസ്‌കൂളിന് എന്‍.സി.ടി.ഇ. നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളാകണം യോഗ്യത. മൂന്നുവയസ്സു മുതല്‍ സ്‌കൂള്‍ പ്രവേശന പ്രായംവരെ കുട്ടികള്‍ക്ക് പ്രീസ്‌കൂളിങ് സൗകര്യമൊരുക്കണം. ഇതിന് ഏകോപിത സംവിധാനം വേണം. അംഗീകാരമില്ലാത്ത പ്രീസ്‌കൂള്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണം. പ്രീസ്‌കൂളിങ് നയവും നിയമവും രൂപവത്കരിക്കാനും ശുപാര്‍ശയുണ്ട്.

സ്ഥാപന മേധാവികളെ ഹെഡ്മാസ്റ്ററിനു പകരം പ്രിന്‍സിപ്പല്‍ എന്ന പദവിയിലേക്ക് മാറ്റാനും സമിതി ശുപാര്‍ശ ചെയ്യുന്നു. പ്രിന്‍സിപ്പല്‍ (സെക്കന്‍ഡറി), പ്രിന്‍സിപ്പല്‍ (ലോവര്‍ സെക്കന്‍ഡറി), പ്രിന്‍സിപ്പല്‍ (പ്രൈമറി), പ്രിന്‍സിപ്പല്‍ (ലോവര്‍ പ്രൈമറി) എന്നിങ്ങനെയായിരിക്കും പേരുമാറ്റം.

റവന്യൂ, ജില്ലാതല വിദ്യാഭ്യാസ ഓഫീസ് ഉണ്ടാകണം. ഇതിനായി ജോയന്റ് ഡയറക്ടര്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ എന്ന തസ്തികയുണ്ടാക്കണം. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവര്‍ത്തനഘടകം സ്‌കൂളായിരിക്കും. ഒരു സ്‌കൂളിന് ഒരു സ്ഥാപനമേധാവി മാത്രമേ ഉണ്ടാകൂ.

മുഴുവന്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും സെക്കന്‍ഡറി സ്‌കൂളുകളാക്കി മാറ്റണം. അഞ്ചുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ശാസ്ത്രീയമായി കായിക പരിശീലനവും കലാപരിശീലനവും നല്‍കണം. ഇപ്പോള്‍ പ്രഖ്യാപിച്ച കെ.എ.എസ്., വിദ്യാഭ്യാസ രംഗത്ത് കേരള എജ്യൂക്കേഷന്‍ സര്‍വീസ് എന്ന നിലയില്‍ വികസിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.