സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ പബ്ജി ഗെയിമിന് പിന്നാലെ; ഗുജറാത്തിലെ പ്രൈമറി സ്‌ക്കുളുകളില്‍ ഗെയിമിന് നിരോധനം; രാജ്യവ്യാപക നിരോധനം വേണമെന്ന് ആവശ്യം. ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിച്ചുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാര്‍ത്ഥികള്‍ ഗെയിമിന് അടിമപ്പെട്ടുപോകുമ്പോള്‍ അത് അവരുടെ പഠനത്തെ പോലും മോശമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഗെയിം നിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ഗുജറാത്ത് സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ ജമ്മുകാശ്മീരിലും പബ്ജി നിരോധിക്കമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റുഡന്‍സ് ബോഡി രംഗത്തെത്തി. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മോശം മാര്‍ക്കിനെ തുടര്‍ന്നാണിത്.
2017 ഡിസംബറില്‍ ആണ് പബ്ജി ഗെയിം നിലവില്‍ വന്നത്. ഇന്ത്യയടക്കം ലോകമെമ്പാടും ഗെയിമിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ദിനം പ്രതി 10 ലക്ഷം പേരാണ് പബ്ജി കളിക്കുന്നത്. അതേസമയം ഗുജറാത്തിലെ പബ്ജി നിരോധനത്തെ വിമര്‍ശിക്കുന്ന വാദങ്ങളും ഉയരുന്നുണ്ട്.
‘സംസ്ഥാനത്ത് പബ്ജ് നിരോധിച്ചത് വിവരക്കേടാണ്. ഗെയിം കുട്ടികളില്‍ ക്രിയാത്മകത വളര്‍ത്തുന്നു. എന്നാല്‍ സ്‌ക്കൂള്‍ ആ കാര്യത്തില്‍ പരാജയപ്പെട്ടു. സര്‍ക്കാരിന് അത് നിരോധിക്കാന്‍ യാതൊരു അവകാശവുമില്ല,’ എന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചപ്പോള്‍, ‘പ്ലീസ്…..പബ്ജി നിരോധിക്കൂ… കുട്ടികള്‍ ഗെയിമിന് അടിമപ്പെട്ടു പോവുകയാണ്,’ എന്ന് മറ്റൊരാള്‍ കുറിച്ചു.
പ്ലെയേഴ്‌സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കമാണ് പബ് ജി. ക്ലാഷ് ഓഫ് ക്ലാന്‍സ് ഗെയിമില്‍ നമുക്ക് കൂട്ടുകാര്‍ക്കൊപ്പം കൂടി ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. പക്ഷേ, നമ്മുടെ ഗെയിമില്‍ നമ്മള്‍ മാത്രമേ ഉണ്ടാകൂ. പിന്നീട് മിനി മിലിഷ്യ വന്നപ്പോഴാണ് ഗെയിമിംഗ് കുറച്ചുകൂടി സാമൂഹികമായത്.
ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്ട് ചെയ്ത് കളിക്കുന്ന ഈ ഗെയിമില്‍, രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കളിക്കാം. അപ്പോഴും കളിക്കുന്ന കൂട്ടുകാര്‍ ഒരേ സ്ഥലത്ത് വേണം എന്ന സാങ്കേതിക തടസ്സം ഉണ്ടായിരുന്നു. എന്നാല്‍, ഒരു പടി കൂടി കടന്ന് പബ്ജി എത്തുമ്പോള്‍, ലോകത്ത് എവിടെയിരുന്നും സ്വന്തം കൂട്ടുകാരോടൊപ്പം ഈ ഗെയിമില്‍ പങ്കാളിയാകാം.
ഇതിന് ഒപ്പം തന്നെ ഗെയിമില്‍ നമ്മളോടൊപ്പം കളിക്കുന്നവരുമായി സംസാരിച്ച് കളിക്കാം എന്നതാണ്. ഇതിലെ ഒരോ ഘട്ടത്തിലും നേടുന്ന പൊയന്റ് ഉപയോഗിച്ച് കൂട്ടുകാരെ സഹായിക്കാന്‍ സാധിക്കും. ഓരേ സമയം ശ്രദ്ധയും ടീം അംഗം എന്ന മികവും പ്രകടിപ്പിക്കേണ്ടതാണ് ഈ ഗെയിം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും PUBG MOBILE ഡൗണ്‍ലോഡ് ചെയ്യാം. ഏതാണ്ട് 1ജിബിയുടെ അടുത്തുള്ള ഫയലാണ് ഇത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ 4.5 റൈറ്റിംഗുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല