1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2019

സ്വന്തം ലേഖകന്‍: ‘അമൃതാനന്ദമയി അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു,’ വിമര്‍ശനവുമായി മുഖ്യമന്ത്രി; ‘പിണറായി പറയുന്നത് വിഡ്ഢിത്തം; അമൃതാനന്ദമയിയുടെ പ്രതിഛായ സംരക്ഷിക്കാന്‍ അവര്‍ക്കറിയാം,’ തിരിച്ചടിച്ച് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുമായി വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം അവര്‍ കാണിക്കേണ്ടിയിരുന്നു. ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് പിണറായി പറഞ്ഞു.

എന്തിന്റെ പേരിലായാലും, മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവര്‍ക്കുംപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല.

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നേരത്തെ നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം നേരത്തെ അവര്‍ കാണിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാട് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമത്വത്തിന് വേണ്ടിയുള്ള സ്ത്രീ ഇടപെടലില്‍ ഏറ്റവും കരുത്തുറ്റതാണ് വനിതാമതില്‍. സമൂഹത്തിലെ എല്ലാവിഭാഗവും നല്ലരീതിയില്‍ അണിനിരന്നു. മതിലിന്റെ വിജയത്തെക്കുറിച്ച് സംശയം ഇല്ലായിരുന്നു. എതിര്‍പ്പുകള്‍ പോലും പ്രചാരണമാകുന്ന കാഴ്ചയാണ് കണ്ടത്. ഇനി വിപുലീകൃത രൂപത്തില്‍ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണ് വേണ്ടത്. നവോത്ഥാന മൂല്യങ്ങള്‍ അതേരീതിയില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അമൃതാനന്ദമയിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് വിഡ്ഢിത്തമാണെന്ന് സ്വാമി ചിദാനന്ദപുരി പ്രതികരിച്ചു. അമൃതാനന്ദമയിയുടെ പ്രതിഛായ അവരുണ്ടാക്കിയതാണ്. അത് സംരക്ഷിക്കാനും അമൃതാനന്ദമയിക്ക് അറിയാമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഭയപ്പെടേണ്ടതില്ലെന്നും ചിദാനന്ദപുരി പറഞ്ഞു. ആചാര ധ്വംസകരെ ഒറ്റപ്പെടുത്താന്‍ വരുന്ന തെരെഞ്ഞെടുപ്പില്‍ ആരുമായും സഹകരിക്കുന്നത് നല്ലതാണ്. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ്സും ലീഗും ആവശ്യപ്പെട്ടതായിരുന്നുവെന്നും ചിതാനന്ദപുരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.