സ്വന്തം ലേഖകന്‍: ആരോഗ്യ സുരക്ഷ, ആകാശ റെയില്‍പ്പാത, ക്ഷേമപെന്‍ഷനില്‍ 100 രൂപ വര്‍ധന, മദ്യവില വര്‍ധന, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അഞ്ചു ശതമാനം ഫീസ് വര്‍ധന; നവകേരള നിര്‍മിതിക്കായുള്ള തോമസ് ഐസക്കിന്റെ ബജറ്റ്; അധിക വിഭവസമാഹരണത്തിന് പ്രളയ സെസ്. നവകേരളസൃഷ്ടിക്ക് 25 പരിപാടികള്‍ മുന്നോട്ടുവെച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ്. പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പ്രളയസെസ് ഉള്‍പ്പെടെ 1,758 കോടി രൂപയുടെ അധിക വിഭവസമാഹരണവും പ്രഖ്യാപിച്ചു.
എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയും തിരുവനന്തപുരംകാസര്‍കോട് ആകാശ റെയില്‍പ്പാതയുമാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1200 ആക്കിയതാണ് മറ്റൊരു ശ്രദ്ധേയപ്രഖ്യാപനം. വരുംവര്‍ഷം 15,348.13 കോടി രൂപയുടെ അധികവരുമാനമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതില്‍ 1785 കോടിരൂപ പുതിയ നികുതികളിലൂടെ നേടും. ബാക്കി നികുതിപിരിവ് ഊര്‍ജിതമാക്കിയും കുടിശ്ശിക പിരിച്ചെടുത്തും നേടുമെന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി. നിരക്ക് അഞ്ചുശതമാനത്തിനുമുകളിലുള്ള എല്ലാ സാധനങ്ങള്‍ക്കും ഏപ്രില്‍മുതല്‍ രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം അധികനികുതി നല്‍കേണ്ടിവരും. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും കാല്‍ ശതമാനം സെസും ഏര്‍പ്പെടുത്തി. ഭൂമിയുടെ ന്യായവില പത്ത് ശതമാനവും ബിയര്‍, വൈന്‍ ഉള്‍പ്പെടെ എല്ലാ മദ്യങ്ങള്‍ക്കും രണ്ടു ശതമാനവും നികുതി കൂട്ടി. വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസും ചാര്‍ജും അഞ്ച് ശതമാനം കൂട്ടിയിട്ടുണ്ട്. സിനിമാ ടിക്കറ്റിന് പത്തു ശതമാനമാണ് വിനോദ നികുതി കൂട്ടിയത്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് അഞ്ചുലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് ലഭിക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതി അടുത്തവര്‍ഷം നിലവില്‍ വരും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരതുമായി സംയോജിപ്പിച്ചാണിത്. ഒരു ലക്ഷം രൂപവരെയുള്ള ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് പണം നല്‍കും.
കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയുടെ ചികിത്സയ്ക്ക് അഞ്ചുലക്ഷം രൂപവരെ സര്‍ക്കാര്‍ നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കും. നിലവിലെ ആര്‍.എസ്.ബി.വൈ. പദ്ധതിയിലുള്ള 42 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. ഇതിന് 800 കോടി രൂപ ചെലവിടും. ഇ.എസ്.ഐ. ആനുകൂല്യം ലഭിക്കാത്ത ശേഷിക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് പ്രീമിയമടച്ച് പദ്ധതിയില്‍ ചേരാം.
55,000 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന തിരുവനന്തപുരംകാസര്‍കോട് സമാന്തര റെയില്‍പ്പാത 2020ല്‍ നിര്‍മാണം തുടങ്ങും.നിലവിലുള്ള പാതയില്‍നിന്ന് വേറിട്ട് തൂണുകളില്‍ 515 കിലോമീറ്റര്‍ രണ്ടുവരിപ്പാത നിര്‍മിക്കും. തീവണ്ടികള്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ഈ പാതയില്‍ തിരുവനന്തപുരം, കാസര്‍കോട് സഞ്ചാരത്തിന് നാലുമണിക്കൂര്‍ മതിയാകും.
പ്രളയത്തില്‍ നഷ്ടപ്പെട്ട ജീവിതോപാധികള്‍ തിരിച്ചുപിടിക്കാന്‍ 4700 കോടി രൂപ അനുവദിച്ചു. പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി.യെ കരകയറ്റാന്‍ ഈവര്‍ഷവും ആയിരം കോടി രൂപ നല്‍കും. ശബരിമലയിലെ വരുമാന വിടവ് നികത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നൂറു കോടിരൂപയുടെ സഹായം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 20 കോടിയും നല്‍കും.
നികുതിവരുമാനം പ്രതീക്ഷിച്ച തോതില്‍ ഉണ്ടാവുന്നില്ല. പത്തു ശതമാനമേ വളരുന്നുള്ളൂ. ചെലവാകട്ടെ, 1617 ശതമാനം വീതം വര്‍ഷംതോറും കൂടുന്നു. പ്രളക്കെടുതിയില്‍നിന്നു കരകയറാന്‍ കേന്ദ്രം സഹായിക്കുന്നില്ലെന്നും ബജറ്റ് അവതരണ പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല