1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2019

സ്വന്തം ലേഖകന്‍: യുഎഇയില്‍ കനത്ത മഴ; ജാഗ്രത നിര്‍ദേശവുമായി പൊലീസ്; മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക്. ദുബൈയിലും ഷാര്‍ജയിലും ശക്തമായ മഴ ലഭിച്ചു. ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മഴ ശക്തമായത്. ദൂരക്കാഴ്ച കുറയുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ദുബൈയില്‍ 66 വാഹനാപകടങ്ങള്‍ ഉണ്ടായതായി പൊലീസ് പറഞ്ഞു. പരുക്കുകള്‍ ഗുരുതരമല്ലെന്നും അറിയിപ്പില്‍ പറയുന്നു.

പുലര്‍ച്ചെ 6നും 9നും ഇടയില്‍ പൊലീസ് സഹായം തേടി 1,812 ടെലിഫോണ്‍ വിളികളാണ് എത്തിയത്. വടക്കന്‍ എമിറേറ്റുകളിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ എമിറേറ്റുകളില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. വെള്ളക്കെട്ട് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തീരപ്രദേശങ്ങളിലും പര്‍വതമേഖലകളിലും പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കി. ഉച്ചയോടെ അന്തരീക്ഷം തെളിഞ്ഞുവെങ്കിലും മലയോരമേഖലകളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ശക്തമായ കാറ്റുമുണ്ട്. ഇന്നു മഴയ്ക്കു സാധ്യതയില്ലെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോര്‍ട്ട്.

മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മഴയില്ല. റാസല്‍ഖൈമയിലും ഫുജൈറയിലും വാദികളും ജലസംഭരണികളും നിറഞ്ഞു. മലനിരകളില്‍ നിന്നുള്ള നീരൊഴുക്കു കൂടി. റാസല്‍ഖൈമയിലെ ജബല്‍ ജൈസ് മലനിരകളില്‍ ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്. വാദികളില്‍ അപകടകരമായ നിലയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നു പല റോഡുകളും അടച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പട്രോളിങ് ശക്തമാക്കി. അടിയന്തര സാഹചര്യമുണ്ടായാല്‍ 999, 901 എന്നീ നമ്പരുകളില്‍ വിളിക്കണമെന്നു റാസല്‍ഖൈമ പൊലീസ് അറിയിച്ചു.ആമിറാത്ത്, റൂവി, മത്ര, വാദി കബീര്‍, സീബ് എന്നിവിടങ്ങളിലെ റോഡുകളില്‍ മണ്ണും കല്ലും നിറഞ്ഞിരുന്നു. സമാഈല്‍, മുസന്ന, മുസന്ദം, കസബ്, സുഹാര്‍, ഷിനാസ്, സഹം, സുവൈഖ്, ദങ്ക്, നഖല്‍, ബര്‍ക്ക, മത്ര എന്നിവിടങ്ങളില്‍ ഞായറാഴ്ച രാത്രി ശക്തമായ മഴയാണു ലഭിച്ചത്.

ഒമാനില്‍ ഞായറാഴ്ച രാത്രിയില്‍ ഉള്‍പ്പെടെ പെയ്ത മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. നദികള്‍ നിറഞ്ഞൊഴുകുകയാണ്. വെള്ളം കുത്തിയൊഴുകി തലസ്ഥാന നഗരമായ മസ്‌കത്തിലടക്കം റോഡുകളില്‍ കല്ലുകളും മണ്ണും അടിഞ്ഞുകൂടി. തിങ്കളാഴ്ച മഴ മാറിനിന്നത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി. മഴയത്തും ദൂരക്കാഴ്ച കുറയുമ്പോഴും വാഹനങ്ങള്‍ ഓവര്‍ടേക്കിങ് ഒഴിവാക്കണമെന്നു പൊലീസ് നിര്‍ദേശിച്ചു. പെട്ടെന്നു ലൈനുകള്‍ മാറുന്നതും സഡന്‍ ബ്രേക്ക് ചെയ്യുന്നതും അപകടസാധ്യതകള്‍ വര്‍ധിപ്പിക്കും. ഡ്രൈവിങ് ബുദ്ധിമുട്ടായി തോന്നിയാല്‍ റോഡില്‍ നിന്നു മാറി സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കി നിര്‍ത്തണം.വെള്ളക്കെട്ടുകളില്‍ കുടുങ്ങാതിരിക്കാനും ശ്രദ്ധിക്കണം. മഴയുള്ളപ്പോള്‍ താഴ്ന്ന പാര്‍ക്കിങ് മേഖലകളില്‍ നിന്നു വാഹനം മാറ്റിയിടണം.

ശ്രദ്ധിക്കണ്ട കാര്യങ്ങള്‍,

*നീന്തല്‍ക്കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.

*മഴവെള്ളവും പൊടിക്കാറ്റും മുറികളില്‍ അടിച്ചുകയറാതിരിക്കാന്‍ ജനാലകള്‍ അടച്ചിടണം.

*ഇടിമിന്നലുണ്ടെങ്കില്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.

*വാദികള്‍, കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുക. മലയോരങ്ങളും സുരക്ഷിതമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.