സ്വന്തം ലേഖകന്‍: ചൊവ്വയിലെ പൊടിക്കാറ്റ് അന്തകനായി; 15 വര്‍ഷത്തെ സേവനത്തിന് ശേഷം നാസയുടെ ഓപ്പര്‍ച്ചൂനിറ്റി കണ്ണടച്ചു. ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റില്‍ പ്രവര്‍ത്തനരഹിതമായ നാസയുടെ ഓപ്പര്‍ച്ചൂനിറ്റി റോവറിന് ഒടുവില്‍ അന്ത്യം. 15 വര്‍ഷം മുമ്പ് ചൊവ്വയിലെത്തിയ ഓപ്പര്‍ച്ചൂനിറ്റി റോവര്‍ പ്രവര്‍ത്തനരഹിതമായതായി നാസ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലെ പാസഡീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലബോറട്ടറിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നാസ ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച റോവറുമായി ബന്ധപ്പെടാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടിരുന്നു.ഓപ്പര്‍ച്ചൂനിറ്റി ഭൂമിയുമായി ഏറ്റവും ഒടുവില്‍ ആശയവിനിമയം നടത്തിയത് 2018 ജൂണ്‍ പത്തിനാണ്. ചൊവ്വയിലുണ്ടായ ശക്തമായ പൊടിക്കാറ്റ് മൂലം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പര്‍ച്ചൂനിറ്റിയ്ക്ക് മുകളില്‍ സൂര്യനെ മറച്ചിരുന്നു. ഇതോടെ ജൂണ്‍ ആദ്യവാരത്തോടെ ഓപ്പര്‍ച്ചൂനിറ്റിയിലെ ചാര്‍ജ് ക്രമാതീതമായി കുറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് റോവറിന്റെ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ചാര്‍ജ് സംരക്ഷിക്കാനുള്ള ശ്രമങ്ങളും നടത്തി.
എന്നാല്‍ ജൂണ്‍ പത്തിന് ശേഷം ഓപ്പര്‍ച്ചൂനിറ്റിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടും.ഓപ്പര്‍ച്ചൂനിറ്റി റോവറിന്റെ ചാര്‍ജ്ജ് 24 വോള്‍ട്ടിലും കുറഞ്ഞിട്ടുണ്ടാവുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മിഷന്‍ ക്ലോക്ക് ഒഴികെ എല്ലാ ഉപസംവിധാനങ്ങളും നിശ്ചലമാവുന്ന ലോ പവര്‍ ഫോള്‍ട്ട് മോഡിലേക്ക് റോവര്‍ മാറിയിട്ടുണ്ടാവാം എന്നുമുള്ള അനുമാനത്തിലായിരുന്നു ഗവേഷകര്‍.
അന്ന് മുതല്‍ ഇന്നുവരെ റോവറുമായി നിരന്തരം ബന്ധപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഗവേഷകര്‍. ആയിരക്കണക്കിന് കമാന്റുകള്‍ റോവറിലേക്ക് അയച്ചുവെങ്കിലും ഒന്നിനും പ്രതികരണമുണ്ടായില്ല.2004 ജനുവരിയിലാണ് ഓപ്പര്‍ച്ചൂനിറ്റി ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ജലസാന്നിധ്യത്തെകുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. 15 വര്‍ഷക്കാലം ചൊവ്വയില്‍ ചിലവിട്ട റോവര്‍ ഇതിനോടകം 45 കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല