സ്വന്തം ലേഖകന്‍: തല മാറട്ടെ! പ്രശസ്തരുടെ തല അത്ഭുതകരമായ രീതിയില്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ പ്രളയം; ഒപ്പം പോണ് വീഡിയോകളും; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഡീപ്ഫെയ്ക് വീഡിയോ. ഹോളിവുഡ് നടിയായ ജെനിഫര്‍ ലോറന്‍സിന്റെ ഉടലില്‍ സ്റ്റീവ് ബുസിമിയുടെ തല വിശ്വസനീയമായ രീതിയില്‍ കൂട്ടിച്ചേര്‍ത്തിറക്കിയ ഡീപ്ഫെയ്ക് വീഡിയോയാണ് തരംഗമായിരിക്കുന്നത്. 2016ലെ ഗോള്‍ഡന്‍ ഗ്ലോബ് സമ്മാനദാന ചടങ്ങിനിടയില്‍ ജെനിഫര്‍ നടത്തിയ പ്രസംഗമാണ് ബുസിമിയുടെ തല പറയുന്നത്!
ജെനിഫര്‍ ബുസിമി എന്ന ഹാഷ്ടാഗില് വൈറലായ ഈ വീഡിയോ ആദ്യമായി റെഡിറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. വിലന്ഗായ് എന്ന പേരിലറിയപ്പെടുന്ന യൂസര്‍ ഈ വര്‍ഷം ജനുവരി ആദ്യം പോസ്റ്റു ചെയ്തതാണ് ക്ലിപ്. കഴിഞ്ഞ ഒരു വര്‍ഷമായി ഡീപ്ഫെയ്ക് വീഡിയോകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. മെഷീന് ലേണിങ് അല്‍ഗോറിതങ്ങളുടെ സഹായത്തോടെ, യഥാര്‍ഥത്തിലുള്ള ഒരു വിഡിയോ ക്ലിപ്പിനുമേല് വേണ്ട മാറ്റങ്ങള്‍ ഡിജിറ്റലായി പതിപ്പിച്ച് സൃഷ്ടിക്കുന്നവയാണ് ഡീപ് ഫെയ്ക് വിഡിയോകള്‍.
കൂടാതെ, നിരവധി പ്രശസ്തരുടെയും സിനിമാതാരങ്ങളുടെയും പോണ് വിഡിയോകളും ഇറങ്ങിയിട്ടുണ്ട്. അശ്ലീല ക്ലിപ്പിലെ നായികയുടെ ഉടലില്‍ പ്രശസ്തരുടെ മുഖം ചേര്‍ത്താണ് ഇത്തരം വിഡിയോകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ട്വിറ്റര്‍, റെഡിറ്റ്, അശ്ലീല വെബ്സൈറ്റായ പോണ്‍ഹബ് തുടങ്ങിയവര്‍ തങ്ങളുടെ സൈറ്റുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൃഷ്ടിച്ച പോണ് വീഡിയോകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു.
കുറ്റമറ്റ രീതിയില്‍ നിര്‍മിക്കപ്പെടുന്ന ഇത്തരം വീഡിയോകള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുന്ന മികച്ച ഉപാധിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഡീപ് ഫെയ്ക് നിര്‍മിക്കുന്നത് ഒരു ഹോബിയാക്കിയവര്‍ ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്റെയും, ട്രംപ് പരാജയപ്പെടുത്തിയ ഹലറി ക്ലിന്റന്റെയുമൊക്കെ വിഡിയോ ഇറക്കിക്കഴിഞ്ഞു. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ ഇവ കാര്യമായ സ്വാധീനം ചെലുത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല