സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംഭരണശാല ഫുജൈറയില്‍ ഒരുങ്ങുന്നു; വന്‍ പദ്ധതി ദക്ഷിണ കൊറിയന്‍ സഹകരണത്തോടെ. ലോകത്തിലെ ഏറ്റവുംവലിയ എണ്ണ സംഭരണശാല ഇനി ഫുജൈറയില്‍ നിര്‍മ്മിക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കൊറിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്.
ശൈഖ് മുഹമ്മദിന്റെയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന് ജെ ഇന്നിന്റെയും സാന്നിധ്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ അഡ്നോക്ക് സി.ഇ.ഒ.യും യുഎഇ മന്ത്രിയുമായ ഡോ.സുല്‍ത്താന്‍ അല്‍ ജാബറും കൊറിയയുടെ എസ്.കെ.ഇ.സി.സി.ഇ.ഒ. ജെയി ഹ്യുന്‍ അഹ്നും ഒപ്പുവെച്ചു. 4.4 ബില്യണ്‍ ദിര്‍ഹത്തിന്റെ മുതല്‍ മുടക്കില്‍ 420 ലക്ഷം ബാരല്‍ സംഭരണശേഷിയുള്ള ശാലയാണ് നിര്‍മിക്കുക.
യുഎഇയുടെ ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയായിരിക്കും ഇതെന്ന് സുല്‍ത്താന്‍ അല്‍ ജാബര്‍ പറഞ്ഞു. ലോകത്തില്‍ മൊത്തം ഉത്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് ഓയിലിന്റെ 4.2 ശതമാനവും അബുദാബിയില്‍ നിന്നാണ്. ലോകത്തില്‍ ഏറ്റവുമധികം ക്രൂഡ് ഓയില്‍ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കൊറിയയ്ക്ക് അഞ്ചാം സ്ഥാനമാണ്.
2022ല്‍ നിര്‍മാണം പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്ന സംഭരണശാല മൂന്ന് വ്യത്യസ്തതരം ക്രൂഡ് ഓയിലുകള്‍ സംഭരിക്കാനുള്ള സൗകര്യമുള്ളതായിരിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല